കരൂർ ദുരന്തം: അടിയന്തര യോഗം ചേർന്ന് അന്വേഷണ സംഘം
Sunday, September 28, 2025 1:30 PM IST
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്. ഡേവിഡ്സണിന്റെ നേതൃത്വത്തിൽ കരൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം. തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
കരൂരിൽ വിജയ്യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.