വനിതാ പ്രീമിയർ ലീഗ് പ്രഥമ ചെയർമാനായി മലയാളി
Sunday, September 28, 2025 2:29 PM IST
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) മലയാളി നേതൃത്വം.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.
ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി.
2019-ൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോൾ ദേശീയ തലത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2022 മുതൽ കെസിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്.