ആസാമിൽ പോലീസുമായി ഏറ്റുമുട്ടൽ; സായുധസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു
Sunday, September 28, 2025 3:33 PM IST
ദിസ്പുർ: ആസാമിലെ ഗോൾപാറയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സായുധസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഒരു പ്രാദേശിക ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാൻ സംഘം തയാറെടുക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഗോൾപാറയിലെ സീനിയർ പോലീസ് സൂപ്രണ്ട് നവനീത് മഹന്തയും സൗത്ത് സൽമാര-മങ്കാച്ചറിലെ അഭിലാഷ് ബറുവയും ചേർന്നാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. സംഘത്തിലുണ്ടായിരുന്നത് മേഘാലയയിൽ നിന്നുള്ളവരാണെന്നാണ് സംശയം.
ഗോൾപാറയിലും പരിസര പ്രദേശങ്ങളിലും ആയുധധാരികളായ ചിലർ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ധുപ്ധാര മോഡൽ ആശുപത്രിയിൽ വച്ചും മരിച്ചു.
മുകുന്ദ റഭ, സുബുർ അലി, സാഹിദുൽ ഇസ്ലാം, ചെംഗ്ബത് മാരക് എന്നിവരാണെന്ന് മരിച്ചത്. ഗോൾപാറയിലും സമീപ ജില്ലകളിലും കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന.