ഏഷ്യ കപ്പ് ഫൈനലിൽ ടോസ് ജയിച്ച് ഇന്ത്യ
Sunday, September 28, 2025 7:34 PM IST
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ടോസ് ജയിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ചു.
പരിക്കിനെ തുടർന്നു ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരായ വെള്ളിയാഴ്ചത്തെ മത്സരത്തിൽ ഫീൽഡിംഗിനിടെ പേശിവലിവ് അനുഭവപ്പെട്ട ഹാർദിക്ക് ഗ്രൗണ്ടിൽനിന്നു മടങ്ങിയിരുന്നു.
തുടർച്ചയായ രണ്ടാം ഏഷ്യ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്റിൽ അപരാജിതരാണ്.
പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോൽവികൾക്ക് മറുപടി നൽകാനും കഴിഞ്ഞ ഏഷ്യ കപ്പിൽ ആതിഥേയത്വം വഹിച്ചിട്ടും പരന്പരയിൽ വൻ പരാജമായി മാറിയ ക്ഷീണം തീർക്കാനുമാണ് ഇറങ്ങുന്നത്.
ഇന്നും ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ഒഴിവാക്കി. കലാശപ്പോരിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ടും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒഴിവാക്കിയിരുന്നു. പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു.
41 വര്‍ഷത്തെ ചരിത്രമുള്ള ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. എട്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏഷ്യ കപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പാണ് ഇന്ത്യ അവസാനമായി നേടിയത്.
പാക്കിസ്ഥാന് രണ്ടു തവണ (2000, 2012) ഏഷ്യ കപ്പ് സ്വന്തമാക്കി. ഏകദിന ഫോര്‍മാറ്റിലായിരുന്നു പാക്കിസ്ഥാന്റെ രണ്ട് കിരീട നേട്ടം. ഇന്ത്യ സ്വന്തമാക്കിയ എട്ട് ഏഷ്യ കപ്പില്‍ ഒരെണ്ണം ട്വന്റി-20 ഫോര്‍മാറ്റില്‍ ആയിരുന്നു, 2016ല്‍. അന്ന് ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ആദ്യ ഏഷ്യ കപ്പും 2016ലേത് ആയിരുന്നു.
ടീം പാക്കിസ്ഥാൻ: സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ, ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.