കുൽദീപ് യാദവിന് നാല് വിക്കറ്റ്; ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം
Sunday, September 28, 2025 9:46 PM IST
ദുബായ്: 2025 ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. സ്പിൻ മാജിക്കിൽ ഇന്ത്യ പാക്കിസ്ഥാനെ കറക്കി വീഴ്ത്തുകയായിരുന്നു. കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റണ്‍സിന് ഓൾഒൗട്ടായി. ഓപ്പണറുമാരായ സാഹിബ്സദ ഫർഹാനും ഫഖർ സമാനും ചേർന്ന് മികച്ച തുടക്കം പാക്കിസ്ഥാന് നൽകിയെങ്കിലും ഇന്ത്യൻ സ്പിൻ മാന്ത്രികർക്കു മുന്നിൽ പാക് നിരയ്ക്ക് താളം പിഴച്ചു.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ അർധ സെഞ്ചുറി നേടിയ സാഹിബ്സദ ഫർഹാനും ഫഖർ സമാനും ചേർന്ന് 84 റണ്‍സാണ് അടിച്ചെടുത്തത്. സാഹിബ്സദ ഫർഹാൻ 38 പന്തിൽ 57 റണ്‍സും ഫഖർ സൽമാൻ 35 പന്തിൽ 46 റണ്‍സും നേടി. ഇരുവരെയും വരുണ്‍ ചക്രവർത്തി കറക്കി വീഴ്ത്തിയതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി.
പാക്കിസ്ഥാനായി സയിം അയൂബ് 14 റണ്‍സെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുണ്‍ ചക്രവർത്തിയും അക്സർ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.