കണ്ണൂർ അയ്യൻകുന്നിൽ കടുവയുടെ സാന്നിധ്യമില്ലെന്ന് വനം വകുപ്പ്; പരിശോധന തുടരും
Monday, September 29, 2025 9:48 PM IST
കണ്ണൂർ: അയ്യൻകുന്നിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയിറങ്ങിയെന്ന സംശയത്തിൽ അയ്യൻകുന്നിലും പരിസര പ്രദേശങ്ങളിലും വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തെരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് സ്ഥാപിച്ച കാമറകൾ പരിശോധിച്ചതിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. തിങ്കളാഴ്ച വനം വകുപ്പും ആർആർടി ജീവനക്കാരും ചേർന്ന് നടത്തിയ പട്രോളിംഗിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
രണ്ട് ദിവസത്തെ തുടർച്ചയായ പട്രോളിംഗിലും കാമറ ട്രാപ്പ് പരിശോധനയിലും ഡ്രോൺ നിരീക്ഷണത്തിലും വന്യജീവി സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, വന്യജീവി കാട്ടിലേക്ക് തന്നെ തിരികെ പോയതായി കൊട്ടിയൂർ റേഞ്ച് ഓഫീസ് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്തെ പട്രോളിംഗും നിരീക്ഷണവും തുടരും.