കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്: ടിവികെ ജില്ലാ സെക്രട്ടറിയാണ് പിടിയിലായത്
Monday, September 29, 2025 10:08 PM IST
കരൂർ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ആദ്യ അറസ്റ്റ്. വിജയുടെ പാർട്ടിയായ ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്.
ഒളിവിൽ കഴിയവേയാണ് മതിയഴകൻ അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം മതിയഴകനെ അസ്റ്റു ചെയ്തത്.
അതേസമയം ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആറിലുള്ളത്. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.