പരമാധികാരം ലംഘിച്ചതിൽ മാപ്പ്; ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് നെതന്യാഹു
Monday, September 29, 2025 11:17 PM IST
ജറുസലേം: ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മാപ്പ് ചോദിച്ച് ബെഞ്ചമിൻ നെതന്യാഹു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേയാണ് നെതന്യാഹുവിന്റെ നീക്കം. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് മാപ്പ്. ഖത്തറിലെ പോലീസുകാരന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ബന്ദി മോചനത്തിലെ ഖത്തർ ഉപാധി നെതന്യാഹു അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഖത്തറിലുണ്ടായ ആക്രമണത്തിൽ നെതന്യാഹുവിനെതിരെ മറ്റു രാജ്യങ്ങളിൽ നിന്നും രൂക്ഷവിമർശനം ഉയർന്നിരുന്നു. വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്.