പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
Friday, October 3, 2025 2:23 AM IST
മലപ്പുറം: പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയൽ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെ 35 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂർ ടൗണിൽ തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു.
തുടർന്ന് വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.