ബ്രൗൺ ഷുഗർ, കഞ്ചാവ് വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
Friday, October 3, 2025 3:45 AM IST
തിരുവനന്തപുരം: പശ്ചിമ ബംഗാളിൽനിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തി തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാകേഷ് മണ്ഡലിനെ (23) ആണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് സംഘത്തിന്റെയും സംയുക്തമായ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. മുക്കോല ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽനിന്നും 18.637 ഗ്രാം ബ്രൗൺ ഷുഗറും 22.15 ഗ്രാം കഞ്ചാവും കണ്ടെത്തി. അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിൽ ബ്രൗൺ ഷുഗർ കണ്ടെടുത്തത്. മാർക്കറ്റിൽ 1.50 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുകാരും കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇയാളുടെ പക്കൽനിന്നു 2200 രൂപയും കണ്ടെടുത്തു.