മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്
Friday, October 3, 2025 4:18 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂത സിനഗോഗിൽ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
ജൂതമത വിശ്വാസികളാണ് കൊല്ലപ്പെട്ട രണ്ട് പേർ. ജൂതമത വിശ്വാസമനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പുർ ആചരണത്തിനിടയിലാണ് ആക്രമണമുണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞെന്നും ആയുധധാരികളായ ഉദ്യോഗസ്ഥർ അക്രമിയെ വെടിവച്ച് കൊന്നതായും പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ക്ക് കുത്തേറ്റത്.
ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്റ്റാർമർ ഡെന്മാർക്ക് സന്ദർശനം അവസാനിപ്പിച്ചു.