ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള സമ്മർദ ശ്രമങ്ങൾ യുഎസിനു തിരിച്ചടിയാകും: പുടിന്
Friday, October 3, 2025 4:45 AM IST
മോസ്കോ: ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള യുഎസ് സമ്മർദ ശ്രമങ്ങൾ യുഎസിനുതന്നെ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിന്റെ മുന്നറിയിപ്പ്. ഇത്തരം ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിക്കുമെന്നാണ് അമേരിക്കയെ പുട്ടിൻ ഓർമിപ്പിച്ചത്.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് രാജ്യാന്തര തലത്തിൽ വില വർധനയ്ക്ക് കാരണമാവും. ഒപ്പം പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാവും. റഷ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് പുട്ടിൻ തങ്ങളുടെ സൗഹൃദ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസ് താരിഫ് ഭീഷണിക്ക് മറുപടി നൽകിയത്.
റഷ്യൻ എണ്ണ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെ ഇന്ത്യയും ചൈനയും സ്വയം അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് പുട്ടിൻ വിശേഷിപ്പിച്ചത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ നിരീക്ഷിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും അത്തരം നടപടികൾ സ്വീകരിക്കില്ലെന്നും പുട്ടിൻ പറഞ്ഞു.
അതേസമയം റഷ്യയുമായുള്ള യുഎസിന്റെ യുറേനിയം ബന്ധത്തെക്കുറിച്ചും പുട്ടിൻ തുറന്നടിച്ചു. മുന്പ് ഇന്ത്യയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് അതേക്കുറിച്ച് പ്രതികരിക്കാൻ ട്രംപ് തയാറായിരുന്നില്ല.