അമേരിക്കയിൽ കടുത്ത പ്രതിസന്ധി; നാസയുടെ പ്രവർത്തനം നിർത്തിവച്ചു
Friday, October 3, 2025 11:02 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സർക്കാർ ധനസഹായം തടസപ്പെട്ടതോടെ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവച്ചിരിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്.
നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്.
ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരേയുള്ള നാസയുടെ മിക്ക പദ്ധതികളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനുമുന്‍പ് സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവയ്ക്കേണ്ടതുണ്ട്.
എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ കാരണം ഇത്തവണ ബില്‍ പാസായില്ല.