യുഎസ് ധന അനുമതി ബില്ല്; സെനറ്റിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്
Saturday, October 4, 2025 12:28 AM IST
വാഷിംഗ്ടൺ: യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഷട്ട് ഡൗൺ നാലാം ദിവസത്തിലേക്ക് കടക്കുന്പോൾ ഇന്ന് വീണ്ടും സെനറ്റിൽ ധന അനുമതി ബില്ല് പാസാക്കാൻ വോട്ടെടുപ്പ് നടക്കും.
വോട്ടെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക്- റിപബ്ലിക്കൻ കക്ഷികൾ നടത്തിയ ചർച്ച സമവായത്തിലെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനാൽ ഇന്ന് നടക്കുന്ന വോട്ടെടുപ്പിലും ധന അനുമതി ബില്ല് പാസാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ.
ധന അനുമതി ബില്ല് പാസാകാതിരുന്നാൽ അമേരിക്കയിൽ ഷട്ട് ഡൗൺ വരും ദിവസങ്ങളിലും തുടരും. ഷട്ട് ഡൗൺ ആരംഭിച്ചതിന് പിന്നാലെ യുഎസിലെ വിവിധ മേഖലകൾ ഇതോടകം സ്തംഭിച്ച നിലയിലാണ്.
ദേശീയ സുരക്ഷാ-ആരോഗ്യ പദ്ധതികൾ ഉൾപ്പെടെ സ്തംഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വോട്ടെടുപ്പിന് മുന്നോടിയായി സമവായത്തിനുള്ള ശ്രമങ്ങൾ നടത്തിയത്. നേരത്തെ നാസ ഉൾപ്പെടെ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.