മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു
Saturday, July 12, 2025 3:34 PM IST
പാലക്കാട്: മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. പാലക്കാട് പൊല്പ്പുള്ളിയിലുണ്ടായ സംഭവത്തിൽ എമിലീന (നാല്), ആൽഫ്രഡ് (ആറ്) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാര്ട്ടിന്, സഹോദരി അലീന (10) എന്നിവർ ചികിത്സയില്‍ തുടരുകയാണ്. എൽസിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു.
ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് ഒന്നരമാസംമുമ്പാണ് മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമാക്കിയത്.
കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചതായിരിക്കാം തീപിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.