സിക്കിമില്‍ മേഘവിസ്ഫോടനം; 23 സൈനികരെ കാണാതായി
Wednesday, October 4, 2023 9:42 AM IST
ഗാംഗ്ടോക്: വടക്കന്‍ സിക്കിമിലെ ലഖന്വാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് 23 സൈനികരെ കാണാതായി. ലാചെന്‍ താഴ്വരയിലെ സൈനികരെയാണ് കാണാതായത്. ആറു നാട്ടുകാരേയും കാണാതായതായി. മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പുലര്‍ച്ചെയാണ് സംഭവം. പെട്ടെന്നുണ്ടായ പ്രതിഭാസത്തില്‍ ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് സൈനികർ ഒഴുക്കില്‍പെട്ടത്. ആര്‍മി ക്യാന്പുകളും പൂര്‍ണമായി മുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി.
വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സിംഗ്താമിന് സമീപമുള്ള ബര്ദാംഗിലാണ് സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. സംഭവത്തിൽ സിക്കിമിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയും ഒലിച്ചുപോയി. നിരവധി പാലങ്ങളും തകർന്നു.
ചുംഗ്താംഗ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായി. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശത്ത് മഴയുണ്ടായിരുന്നു. സൈനികര്‍ക്കും നാട്ടുകാർക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്.