വയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ
Friday, November 25, 2022 10:22 PM IST
കോഴിക്കോട്: വയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വർണമാണ് പോലീസ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് പിടിയിലായത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിനു പുറത്തിറങ്ങിയ റഫീഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു.
ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ റഫീഖ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളുടെ ശരീരവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല.
തുടര്‍ന്ന് റഫീഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യപരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ റഫീഖിന്റെ വയറിനകത്ത് സ്വര്‍ണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സുളുകൾ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.