പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
Friday, September 22, 2023 7:09 PM IST
പാലക്കാട്: മണ്ണാർക്കാടിന് സമീപം പാലക്കയത്ത് കനത്ത മഴയെത്തുടർന്ന് വനത്തിൽ ഉരുൾപൊട്ടി. പാലക്കയം ടൗണിലെ കടകളിൽ വെള്ളം കയറി.
പ്രദേശത്ത് മണിക്കൂറുകളായി കനത്ത മഴയാണ് പെയ്യുന്നത്. കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്നുള്ള വനപ്രദേശത്താണ് ഉരുൾപെട്ടിയതെന്ന് സംശയിക്കുന്നു. പ്രദേശത്തെ ജലാശയത്തിൽ വെള്ളം വലിയതോതിൽ ഉയർന്നിട്ടുണ്ട്.
കനത്ത മഴയിൽ പാലക്കയത്തെ കാർമൽ സ്കൂളിന്റെ താഴ്ന്ന നില വെള്ളത്തിൽ മുങ്ങി. സ്കൂളിന് ചുറ്റും വെള്ളം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. പ്രദേശത്തെ ദേവാലയ പരിസരത്തും വെള്ളം കയറി.
ഉരുൾപൊട്ടലിലും മഴയിലും ജനവാസ മേഖലയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല. പോലീസും ഫയർഫോഴ്സും പാലക്കയത്ത് എത്തിയിട്ടുണ്ട്. മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്.