അപ്രതീക്ഷിത കടൽക്ഷോഭം; മത്സ്യബന്ധന വള്ളങ്ങൾ നശിച്ചു
Thursday, November 30, 2023 12:24 AM IST
തിരുവനന്തപുരം: പാച്ചല്ലൂർ പനത്തുറയിലുണ്ടായ അപ്രതീക്ഷിത കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. ഇന്നലെയുണ്ടായ കടൽക്ഷോഭത്തിൽ രണ്ട് മത്സ്യബന്ധന വള്ളങ്ങൾ പൂർണമായും ആറ് വള്ളങ്ങൾ ഭാഗികമായും നശിച്ചു.
പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വലകളും മറ്റ് ജീവനോപാധികളും നഷ്ടമായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.കമ്പവല വലിക്കുന്നതിന് സപ്പോർട്ടായി ഉപയോഗിക്കുന്ന വള്ളങ്ങളാണ് നശിച്ചതിൽ ഏറെയും. ഇന്നലെ മീൻ പിടിക്കാൻ എത്തിയ തൊഴിലാളികളാണ് വള്ളങ്ങൾ കൂട്ടിയിടിച്ച് നശിച്ചതായി കണ്ടത്.
കടലെടുത്ത വലകൾ വീണ്ടെടുക്കാൻ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.വിവരമറിഞ്ഞ് ഡെപ്യൂട്ടി തഹസിൽദാർ ബൈജു,തിരുവല്ലം എസ്ഐ തോമസ്, ഫിഷറീസ് മെക്കാനിക്കൽ എൻജിനിയർ ബിനു എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.