മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ഭരണമെന്ന് സര്‍വേ
വെബ് ഡെസ്ക്
Saturday, September 30, 2023 10:34 PM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്ന പ്രവചനവുമായി ഇറ്റിജി അഭിപ്രായ സര്‍വേ. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
102 മുതല്‍ 110 സീറ്റ് വരെ ബിജെപി നേടുമെന്നും 118 മുതല്‍ 128 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 41.02 ശതമാനം ബിജെപിക്കും 40.89 ശതമാനം കോണ്‍ഗ്രസിനും 1.29 ശതമാനം ബഹുജന്‍ സമാജ് പാര്‍ട്ടിക്കും(ബിഎസ്പി) കിട്ടുമെന്നും സര്‍വേയിലുണ്ട്.
മറ്റ് പാര്‍ട്ടികള്‍ക്കെല്ലാമായി 0.43 ശതമാനം വോട്ടാകും ലഭിക്കുക. മഹാകൗശല്‍ മേഖലയില്‍ ബിജെപിക്ക് 18 മുതല്‍ 22 വരെ സീറ്റുകളും കോണ്‍ഗ്രസിന് 16 മുതല്‍ 20 സീറ്റുകള്‍ വരെയും ലഭിച്ചേക്കും. ഗ്വാളിയര്‍-ചമ്പല്‍ മേഖലയില്‍ ബിജെപിക്ക് വെറും നാലു മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും കോണ്‍ഗ്രസിന് ഇവിടെ 26 മുതല്‍ 30 സീറ്റ് വരെ ലഭിച്ചേക്കുമെന്നും സര്‍വേയിലുണ്ട്.
സെന്‍ട്രല്‍ മധ്യപ്രദേശിലുള്ള 36 സീറ്റുകളില്‍ ബിജെപിക്ക് 22 മുതല്‍ 24 സീറ്റ് വരെയും കോണ്‍ഗ്രസിന് 12 മുതല്‍ 14 സീറ്റ് വരെയും ലഭിച്ചേക്കും. ബുന്ദല്ഖന്ത് മേഖലയിലുള്ള 26 സീറ്റുകളില്‍ 22 മുതല്‍ 24 എണ്ണം വരെ ബിജെപിയും 12 മുതല്‍ 14 വരെ കോണ്‍ഗ്രസും നേടുമെന്നാണ് സര്‍വേയിലെ പ്രവചനം.
വിന്ധ്യ മേഖലയിലുള്ള 30 സീറ്റുകളില്‍ ബിജെപിക്ക് 19 മുതല്‍ 21 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് എട്ട് മുതല്‍ 10 സീറ്റ് വരെയും ലഭിക്കാനാണ് സാധ്യത. 66 സീറ്റുകളുള്ള മാള്‍വയില്‍ ബിജെപിക്ക് 20 മുതല്‍ 24 സീറ്റ് വരെയും കോണ്‍ഗ്രസിന് 41 മുതല്‍ 45 സീറ്റ് വരെയും ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ബിജെപി നിഷേധിച്ച് ദിവസങ്ങള്‍ക്കകമാണ് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടും വന്നിരിക്കുന്നത്.