കൊന്നതാകാം; മകളെ കൊന്ന ശ്രീമഹേഷിനെതിരേ ഭാര്യയുടെ മാതാപിതാക്കള്‍
Friday, June 9, 2023 3:04 PM IST
ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരി മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കള്‍. ഭാര്യ വിദ്യയേയും ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു.
പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കില്‍ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാപിതാവ് ലക്ഷ്മണന് പറഞ്ഞു. മൂന്നുവർഷം മുന്‍പാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമാണ് ശ്രീമഹേഷ് മകള്‍ നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊന്നത്. തടയാനെത്തിയ ഇയാളുടെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു. സംഭവത്തിന് ശേഷം പോലീസ് പിടിയിലായ ഇയാള്‍ മാവേലിക്കര സബ് ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു ഇയാൾ. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. അതേസമയം വ്യാഴാഴ്ച പ്രതിയേ പോലീസ് അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇയാള്‍ മൂന്നുപേരെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാന്‍ ലക്ഷ്യമിട്ടത്.
പോലീസ് ഉദ്യോഗസ്ഥ വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് പോലീസ് കരുതുന്നത്.
കൊലപാതകം നടത്തുന്നതിനായി ഓണ്‍ലൈനില്‍ മഴു വാങ്ങാന്‍ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓര്‍ഡര്‍ ചെയ്തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മഴു മാവേലിക്കരയില്‍ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു.
ഇതുകൊണ്ടാണ് ഇയാള്‍ മകള്‍ നക്ഷത്രയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കട്ടിലിന് അടിയില്‍ നിന്നും മഴു കണ്ടെടുത്തിരുന്നു.
അമ്മ സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും പ്രതി മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും.