ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
Thursday, September 21, 2023 12:42 PM IST
വാഴ്സോ: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ തുടക്കം മുതല്‍ യുക്രെയ്നൊപ്പം നിലയുറപ്പിച്ച പോളണ്ട് ചുവടു മാറ്റുന്നതായി സൂചന. ഇതിന്റെ ഭാഗമായി യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് പോളണ്ട് അവസാനിപ്പിച്ചു.
രാജ്യത്തിന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ സംഭരിക്കേണ്ടതുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മൊറാവിസ്കിയുടെ പ്രതികരണം.
പോളണ്ടിന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുടലെടുത്തിരിക്കുന്ന വിള്ളല്‍ വ്യക്തമാക്കുന്നതാണ്. യുഎന്നില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പോളണ്ട് യുക്രെയ്ന് അംബാസിഡറെ വിളിച്ചു വരുത്തിയിരുന്നു.
യുദ്ധത്തിന്റെ തുടക്കനാള്‍ മുതല്‍ യുക്രെയ്നൊപ്പം നിന്ന പോളണ്ടിനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് സെലന്‍സ്കിയുടെ പരാമര്‍ശമെന്ന് പോളിഷ് പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശത്തോടെ ആരംഭിച്ച ധാന്യത്തര്ക്കമാണ് ഇപ്പോള്‍ ഈ നിലയില്‍ എത്തിനില്‍ക്കുന്നതെന്നാണ് വിവരം.
യുദ്ധം ആരംഭിച്ചതോടെ യുക്രെയ്നില്‍ നിന്നും ബള്‍ഗേറിയ,ഹംഗറി,പോളണ്ട്,റൊമാനിയ,സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരുന്നു. യുദ്ധം മുതലാക്കി ചുളുവിലയ്ക്ക് ഈ രാജ്യങ്ങള്‍ ധാന്യം ഇറക്കുമതി ചെയ്യുമെന്ന ഭയത്തെത്തുടര്‍ന്നായിരുന്നു ഈ നീക്കം.
ഈ മാസം 15ന് നിരോധനം നീക്കിയെങ്കിലും തല്‍സ്ഥിതി തുടരാന്‍ പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ധാന്യത്തര്ക്കം രൂക്ഷമായാല്‍ യുക്രൈനില്‍ നിന്നുള്ള കൂടുതല്‍ വസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും മൊറാവിസ്കി വ്യക്തമാക്കി. അന്താരാഷ്ട്ര കോടതികളിലടക്കം പോയി പോളണ്ടിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.