വിസയെ മറികടന്ന് യുപിഐ; പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ
എസ്.ആർ. സുധീർ കുമാർ
Monday, July 14, 2025 9:15 PM IST
കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ "വിസ'യെ മറികടന്ന് ഇന്ത്യയുടെ യുപിഐ. പ്രതിദിനം 650 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്താണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപി ഐ) ഔദ്യോഗികമായി വിസയെ കടത്തിവെട്ടിയത്.
ഇതോടെ ലോകത്തിലെ മുൻനിര റിയൽ ടൈം പേയ്മെന്റ് സംവിധാനമായി യുപിഐ മാറി. വിസയുടേതായ 639 ദശലക്ഷത്തെ പിന്നിലാക്കിയാണ് യുപിഐ 650.26 ദശലക്ഷം പ്രതിദിന ഇടപാടുകൾ നടത്തി ഈ വിപ്ലവകരമായ നേട്ടം യുപിഐ സ്വന്തമാക്കിയത്.
200 ൽ അധികം രാജ്യങ്ങളിൽ വിസയുടെ സജീവ സാന്നിധ്യമുണ്ട്. എന്നാൽ വെറും ഏഴ് രാജ്യങ്ങളിൽ മാത്രമാണ് യുപിഐ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ട വസ്തുതയാണ്. 2016ൽ ആരംഭിച്ചതിനുശേഷം ഒമ്പതു വർഷത്തിനിടെ യുപിഐ സ്ഫോടനാത്മകമായ വളർച്ചയാണു കൈവരിച്ചിട്ടുള്ളത്.
ഇതുമൂലം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള പരമ്പരാഗത സാമ്പത്തിക വിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത യുപിഐ മൊബൈൽ പ്ലാറ്റ്ഫോമുകൾക്കായി രൂപകൽപ്പന ചെയ്ത തത്ക്ഷണ ഇന്റർ ബാങ്ക് പേയ്മെന്റ് സംവിധാനമാണ്.
പ്രതിമാസം 1,800 കോടിയിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുന്ന യുപിഐ രാജ്യത്തെ ഇലക്ട്രോണിക് റീട്ടയിൽ പേയ്മെന്റ് മേഖലയിൽ ഇതിനകം തന്നെ സർവാധിപത്യം സ്ഥാപിച്ച് കഴിഞ്ഞു.