ഭാര്യയുടെ പരാതി: പോലീസ് കൈക്കൂലി ചോദിച്ചു; പാന്റ്സിൽ ആത്മഹത്യക്കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി
Tuesday, July 15, 2025 11:39 PM IST
ലക്നോ: ധരിച്ചിരുന്ന പാന്റ്സില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് സ്വദേശി ദിലീപ് രാജ്പുത്ത് ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ഭാര്യയും കുടുംബവും നല്കിയ പരാതിയും പോലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ട് മര്‍ദിച്ചതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പ്.
ദിലീപ് മദ്യലഹരിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഭാര്യ തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപയാണ് യശ്വന്ത് യാദവ് എന്ന കോണ്‍സ്റ്റബിള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് വിസമ്മതിച്ചതോടെ ദിലീപിനെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം.
പിന്നീട് മഹേഷ് ഉപാധ്യായ് എന്ന കോണ്‍സ്റ്റബിള്‍ 40,000 രൂപ നല്കിയാല് മതിയെന്ന് പറഞ്ഞു. തുടര്‍ന്ന് ഇത്രയും തുക നല്‍കിയശേഷമാണ് ദിലീപിനെ സ്റ്റേഷനില്‍നിന്ന് വിട്ടയച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയതിന് പിന്നാലെയാണ് ധരിച്ചിരുന്ന വെളുത്തനിറത്തിലുള്ള പാന്റ്സിൽ ആത്മഹത്യാക്കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. ഭാര്യപിതാവ്, ഭാര്യസഹോദരന് തുടങ്ങിയവരുടെ ഉപദ്രവവും പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതും പാന്റ്സില്‍ എഴുതിയിരുന്നു.
അതേസമയം, ഭാര്യയുടെ കുടുംബാംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ് ദിലീപിനെ പോലീസ് തല്ലിച്ചതച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാര്‍, 40,000 രൂപ സംഘടിപ്പിച്ചുനല്‍കിയ ശേഷമാണ് ദിലീപിനെ വിട്ടയച്ചതെന്നും പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു.