കാഷ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
Monday, September 8, 2025 12:18 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.