ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
Tuesday, September 9, 2025 6:50 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ്.
മഹാരാഷ്ട്ര ഗവർണ്ണർ സി.പി. രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് മത്സരം. എൻഡിഎയും ഇന്ത്യ സഖ്യവും തിങ്കളാഴ്ച എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.
എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക.
എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു. വൈകുന്നേരംട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും.