നിർത്തിയിട്ടിരുന്ന മിനിലോറിക്കു പിന്നിൽ ഓട്ടോയിടിച്ചുകയറി; ഡ്രൈവർ മരിച്ചു
Tuesday, September 9, 2025 11:50 AM IST
തൃശൂർ: ദേശീയപാത ചെമ്പൂത്രയിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്കു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വടക്കാഞ്ചേരി തയ്യൂർ സ്വദേശി കൊള്ളന്നൂർതറയിൽ ഫ്രാൻസിസ് മകൻ ടോണിയാണ് (49) മരിച്ചത്.
ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിൽ കുടുങ്ങിയ ടോണിയെ തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ടോണി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ദേശാഭിമാനി പത്രക്കെട്ട് വിതരണം ചെയ്യുന്ന ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത റിക്കവറി വിഭാഗവും പീച്ചി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.