പണമില്ലാത്തവൻ പഞ്ചർവാല
മാണി പയസ്
Saturday, September 27, 2025 8:16 PM IST
ഒരു ഗാന്ധിജയന്തിദിനം കൂടി അരികിലെത്തുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ ഗാന്ധിസ്മാരക മ്യൂസിയത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ സാമൂഹ്യ-സാന്പത്തികസ്ഥിതി ഇന്നെങ്ങനെയാണ്... അവിടങ്ങളിലെ ഗ്രാമീണർ ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു...
രാജ്കോട്ടിലെ ഗാന്ധിസ്മാരക മ്യൂസിയത്തിൽ ടിക്കറ്റെടുത്ത് ഉള്ളിലേക്കു നടക്കുന്പോൾ, അതുവരെ പുറത്തു കൂടിനിന്ന് സംസാരിക്കുകയായിരുന്ന യുവതികൾ തിടുക്കത്തിൽ അകത്തേക്കു പോകുന്നതുകണ്ടു. കാക്കക്കൂട്ടത്തിൽ കല്ലുവീണപോലെ ഇവർ പെട്ടെന്നു പിരിഞ്ഞത് എന്താണെന്നു തോന്നി. മ്യൂസിയത്തിലെ മുറികൾക്കു മുന്നിലെത്തിയപ്പോഴാണ് മനസിലായത്, അവർ ഗൈഡുകളാണ്.
ബ്രിട്ടീഷ് വാസ്തുശില്പ മാതൃകയുടെ തലയെടുപ്പും ഭംഗിയുമുള്ള ആ കെട്ടിടത്തിൽ അപ്പോൾ സന്ദർശകരായി ഞങ്ങൾ മൂന്നുപേർ മാത്രം. അധികമാളുകൾ എത്തിയിട്ടില്ലാത്തതുകൊണ്ടാണ് ഗൈഡുകൾ പുറത്ത് കൂട്ടംകൂടി സംസാരിച്ചുകൊണ്ടിരുന്നത്. അവധിദിവസങ്ങളിൽ സന്ദർശകർ കൂടുന്പോഴാണ് അവർക്ക് ജോലിത്തിരക്ക്.
മ്യൂസിയമായ ക്ലാസ് മുറികൾ
ഗാന്ധിസ്മാരക മ്യൂസിയമാക്കിയ ആൽഫ്രഡ് സ്കൂളിലെ 39 ക്ലാസ്മുറികൾ ഗാന്ധിജിയുടെ ജീവിതവും ദർശനവും വെളിപ്പെടുത്തുന്ന ശില്പങ്ങളും ചിത്രങ്ങളും എഴുത്തുകളും നിഴൽച്ചിത്രങ്ങളും ചലനചിത്രങ്ങളുംകൊണ്ട് സന്പന്നമാണ്.
അദ്ദേഹം പഠിച്ച ക്ലാസ്മുറികളിൽ നൽക്കുന്പോൾ മറ്റൊരുലോകത്ത് എത്തിപ്പെട്ടതുപോലെ തോന്നി. അവിടത്തെ നിശബ്ദതയിൽ അദ്ദേഹത്തിന്റെ ശബ്ദവീചികൾ അലിഞ്ഞുചേർന്നിട്ടുണ്ടാകുമെന്നു സങ്കല്പിച്ച് ഒരുനിമിഷം കണ്ണടച്ചുനിന്നു- ആ ശബ്ദം ഉള്ളിലേക്കെടുക്കുന്നതുപോലെ. ഗാന്ധിജിക്ക് ഏഴു വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പോർബന്തറിൽനിന്ന് രാജ്കോട്ടിൽ എത്തിയത്. പിതാവ് കരംചന്ദ് ഉത്തംചന്ദ് ഗാന്ധി രാജ്കോട്ടിൽ ദിവാനായി നിയമിതനായപ്പോൾ.
ബ്രിട്ടീഷ് ഭരണകേന്ദ്രമെന്ന പ്രാധാന്യമുള്ള രാജ്കോട്ടിൽ ഹൈസ്കൂൾ ഉണ്ടായിരുന്നതിനാൽ മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് വിദ്യാഭ്യാസത്തിൽ മുന്നേറാൻ അവസരംകിട്ടി. മികച്ച വിദ്യാർഥിയായിരുന്നതോടൊപ്പം അച്ചടക്കത്തിലും കൃത്യനിഷ്ഠയിലും മുന്നിലായിരുന്നു. കണക്കിന് ജുനഗഡ് ആൻഡ് ജെറ്റ്പുർ സീനിയർ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്.
കരംചന്ദ് ഗാന്ധി കുടുംബസമേതം താമസിച്ചിരുന്ന വീട്ടിൽനിന്ന് സ്കൂളിലേക്ക് നടക്കാനുള്ള ദൂരംമാത്രം. ഇന്നും ഇടുങ്ങിയ വഴിയാണ് അവിടേക്ക്. രണ്ട് ഓട്ടോറിക്ഷകൾ അഭിമുഖമായി വന്നാൽ കഷ്ടിച്ചേ കടന്നുപോകാനാകൂ. ഗതകാലം വിളംബരംചെയ്ത് ഒരു മൂന്നുനില പീടികക്കെട്ടിടം ജീർണാവസ്ഥയിൽ നിൽക്കുന്നു. താഴെ പ്രാചീനമായ ഒരു കടയുണ്ട്.
കുറച്ചുമാറിയുള്ള ഗാന്ധിജിയുടെ വീട് ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്. കാബാ ഗാന്ധിയുടെ ഭവനമെന്ന് ഗുജറാത്തിയിൽ എഴുതിയിരിക്കുന്നു. ഞങ്ങൾ അവിടം കാണുന്നതിനിടയിൽ ചെറുപ്പക്കാരുടെ ഒരു ചെറുസംഘമെത്തി. അതുകൊണ്ട് യുവജനങ്ങൾക്കിടയിൽ ഗാന്ധിജി കൂടുതൽ സ്വീകാര്യനാകുന്നുവെന്നൊന്നും നിരീക്ഷിക്കാനാകില്ല.
മ്യൂസിയത്തിൽ സന്ദർശകർ കുറവായിരുന്നതുകൊണ്ട് തിരക്കുപിടിച്ച ലോകത്ത് അദ്ദേഹം വിസ്മരിക്കപ്പെടുന്നുവെന്നും കരുതാനാകില്ല. ഉറപ്പിച്ചുപറയാവുന്ന കാര്യം ഗാന്ധിജിയുടെ ജീവിതത്തിനും ദർശനങ്ങൾക്കും ഇന്നും പ്രസക്തിയുണ്ടെന്നതാണ്. ഗാന്ധിസ്മാരക മ്യൂസിയത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നത് അതിനു സംഭവിച്ച രൂപമാറ്റങ്ങൾ വ്യക്തമാക്കും.
1853-66 വരെ ഈ കെട്ടിടം രാജ്കോട്ട് ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടു. 1866 മുതൽ 1868 വരെ രണ്ടുവർഷം രാജ്കോട്ട് ഹൈസ്കൂൾ എന്നായിരുന്നു പേര്. തുടർന്ന് 1907 വരെ കത്തിയവാഡ് ഹൈസ്കൂൾ എന്നു വിളിക്കപ്പെട്ടു. പിന്നീട് 1971 വരെ ആൽഫ്രഡ് ഹൈസ്കൂൾ എന്നായിരുന്നു പേര്. 1971 ഒക്ടോബർ രണ്ടു മുതൽ മോഹൻദാസ് ഗാന്ധി വിദ്യാലയം. 2018 സെപ്റ്റംബർ 30 മുതലാണ് മഹാത്മാ ഗാന്ധിസ്മാരക മ്യൂസിയമായത്.
പേരുമാറ്റത്തോടൊപ്പം രൂപമാറ്റവും സംഭവിച്ചിട്ടുണ്ട്. പഴമയുടെ പൊറ്റകൾ നിറഞ്ഞ വൃദ്ധശരീരംപോലെയാകാതെ നീണ്ടുനിവർന്നു നെഞ്ചുവിരിച്ചാണ് വിനീതനായ ഗാന്ധിജിയുടെ സ്മാരകം നിലകൊള്ളുന്നത്. ഭൂകന്പത്തിൽ കേടുപാടുകൾ സംഭവിച്ച മന്ദിരത്തിന്റെ ആധുനികവത്കരണം നടന്നത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
ഇവിടെ പഠിക്കുന്പോൾ പകർന്നുകിട്ടിയ വിജ്ഞാനമാണ് ഉന്നതപഠനത്തിനു കടൽകടക്കാൻ ഗാന്ധിജിയെ പ്രാപ്തനാക്കിയത്. പാശ്ചാത്യ വിദ്യാഭ്യാസവും ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങളും ഇന്ത്യയിൽ നേരിട്ടുകണ്ട യാഥാർഥ്യങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വനിരയിലേക്ക് ഗാന്ധിജിയെ എത്തിച്ചു.
വഴിനീളെ കാണാം, വ്യവസായക്കുതിപ്പ്
ഗ്രാമങ്ങളിലാണ് യഥാർഥ ഇന്ത്യ കുടികൊള്ളുന്നതെന്ന് ഗാന്ധിജി വിശ്വസിച്ചു. എന്നാൽ ഗ്രാമകേന്ദ്രീകൃതമായ ഗാന്ധിയൻ സാന്പത്തികനയം പ്രിയശിഷ്യനായ നെഹ്റുവിനെപ്പോലും സ്വാധീനിച്ചില്ല. സാന്പത്തികനയങ്ങളിലെ ഈ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഗാന്ധിജിയുടെ യഥാർഥ രാഷ്ട്രീയ പിൻഗാമിയായിരുന്നു നെഹ്റുവെന്നത് സത്യം.
ഗാന്ധിജിയുടെ നാട്ടിലെ ഗ്രാമങ്ങളുടെ ഇന്നത്തെ അവസ്ഥ അറിയാൻ രാജ്കോട്ടുനിന്ന് 270 കിലോമീറ്റർ അകലെയുള്ള കച്ചിലെ ഭുജിലേക്ക് ഞങ്ങൾ പോയി. ആധുനികരീതിയിൽ വ്യവസായ മുന്നേറ്റം നടത്തുന്ന ഗുജറാത്തിനെ കണ്ടുകൊണ്ടാണ് യാത്ര മുന്നേറിയത്.
ആദ്യം കണ്ടത് ക്ലോക്ക് ഫാക്ടറികളും ടൈൽ ഫാക്ടറികളും. വാക്നാറിലേക്കു പോകുന്ന വഴിയിൽ ഫാക്ടറികൾ അനേകം. മുണ്ട്ര തുറമുഖം അതിവേഗം വളരുന്നു. അവിടെ അദാനി പവർ, ടാറ്റ പവർ എന്നിവ പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു വഴിയിലാണ് കണ്ട്ല തുറമുഖം.
വഴിനീളെ ഇരുവശത്തും നീണ്ടുകിടക്കുന്ന ഉപ്പളങ്ങൾ. വൈദ്യുതി കൊണ്ടുപോകുന്ന ടവറുകൾ നോക്കെത്താദൂരത്തോളമുണ്ട്. ചെമ്മീൽ വളർത്തൽ കേന്ദ്രങ്ങൾ സമീപത്തു കാണാം. സൂരജ്ബാരി മുതൽ കാറ്റാടികൾ തുടങ്ങുന്നു. ഭീമാകാരങ്ങളായ അവ കാറ്റാടികളോടു യുദ്ധംചെയ്ത ഡോണ് ക്വിക്സോട്ടിന്റെ ഓർമയുണർത്തി.
തുടർന്നങ്ങോട്ട് സ്റ്റീൽ ഫാക്ടറികളാണ്. റീഇൻഫോഴ്സ്ഡ് കന്പികൾ ഉണ്ടാക്കുന്നവ. ബച്ചാവ- അഹമ്മദാബാദ് റൂട്ടിൽ തടിമില്ലുകളുടെ നിരയാണ്. ഇവ പിന്നിട്ടാൽ എത്തുന്നത് വിശാലമായ ഈന്തപ്പനത്തോട്ടങ്ങൾ നിറഞ്ഞ പ്രദേശത്താണ്. സ്വദേശിയും വിദേശിയുമായവ. ഇസ്രായേലിൽനിന്നുള്ള ഈന്തപ്പനത്തൈക്ക് ആയിരക്കണക്കിനു രൂപ വിലയുണ്ട്. വഴിനീളെ ഈന്തപ്പഴങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്നു.
റോഡിലെ കാലികളും എരുമനോട്ടക്കാരും
ഇരുവശവുമുള്ള വികസനക്കാഴ്ചകൾപോലെ വഴിയിലും കാഴ്ചകളുണ്ടായിരുന്നു. യഥേഷ്ടം വിഹരിക്കുന്ന കന്നുകാലികൾ. കറവയുള്ളപ്പോൾ പശുക്കളെ വീടുകളിൽ പരിപാലിക്കും. പിന്നെ സ്വതന്ത്രമായി വിടും. പശുസത്രങ്ങളുമുണ്ട്. അവിടെ അവയ്ക്കു തീറ്റ ലഭിക്കും. വിഹരിക്കാൻ മൈതാനങ്ങൾ ധാരാളം. പാപപരിഹാരത്തിനായി പശുവിനു തീറ്റകൊടുക്കുന്ന രീതിയുണ്ട്. സ്വയം പുല്ലുവെട്ടിക്കൊണ്ടുവന്നു കൊടുക്കാം. വില്പനക്കാരിൽനിന്ന് പണംകൊടുത്ത് വാങ്ങിനൽകുകയുമാവാം. പശുക്കൾക്ക് പട്ടിണികിടക്കേണ്ടിവരില്ല.
രത്നാളിനടുത്ത് വഴിവക്കിലാണ് ആ എരുമനോട്ടക്കാരെ പരിചയപ്പെട്ടത്. നല്ല ആരോഗ്യമുള്ള, മുഖത്തു ചിരിയുള്ള വയോധികരാണ്. ഗുജറാത്തി ഭാഷയറിയുന്ന ഫാ. സണ്ണി വെട്ടിക്കുഴിച്ചാലിൽ മുഖേന ആവരോടു സംസാരിച്ചു. മൂന്നു സുഹൃത്തുക്കൾ ചേർന്ന് രണ്ടായിരം എരുമകളെ പരിപാലിക്കുന്നു. ഗ്രാമത്തിലുള്ളവർ നോക്കാൻ ഏല്പിച്ചിട്ടുള്ളവയാണ്. എരുമയുടെ എണ്ണത്തിന് പ്രതിമാസം ഒരു തുകവീതം കിട്ടും.
തുക എത്രയെന്നു പറയാൻ മടി. എരുമകൾക്കും ഭംഗിയും ആരോഗ്യവുമുണ്ട്. സണ്ണിയച്ചൻ അവരോടു ചോദിച്ചു: ""തമേ കയോ ഗാമ് മാഥി?''
(നിങ്ങൾ ഏതു ഗ്രാമത്തിൽനിന്നാണ് വരുന്നത്?)മിൻതിയാള ഗ്രാമത്തിൽനിന്നാണെന്നു മറുപടി. ""ബരാബർ ചേ?'' (സുഖംതന്നെയല്ലേ?)സുഖമാണ്. ഭൂകന്പത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ ബച്ചാവ് ഗ്രാമത്തിനടുത്തുള്ളവരാണ്. മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നിൽ പ്രായവും പ്രതികൂല ഘടകങ്ങളും മുട്ടുനമിക്കുന്പോൾ സുഖം കൈവരുന്നു.
ഇവരെപ്പോലെ സന്തോഷമാണ് റോഡിന് ഓരംചേർന്ന് കൂട്ടത്തോടെ കിടക്കുന്ന പശുക്കൾക്കുമെന്നുതോന്നും. കാലുകൾ ഒതുക്കിവച്ച് അപകടം പറ്റാതെയും ഗതാഗത തടസം ഉണ്ടാക്കാതെയും അവ കിടക്കുന്നു. വാഹനങ്ങൾ ഓടുന്പോൾ കിട്ടുന്ന കാറ്റിനു വേണ്ടിയാണത്രേ ഈ കിടപ്പ്!
കേരളവാല പഞ്ചർവാല
നിങ്ങാൾ ഗ്രാമത്തിലെത്തിയപ്പോഴാണ് അയാളെ പരിചയപ്പെട്ടത്. പത്ത് എരുമകളുടെ മുതലാളി. ഒന്നിന് 40 ലിറ്റർ പാൽ കിട്ടും. ദിവസേന 400 ലിറ്റർ പാൽ കിട്ടുന്ന ക്ഷീരകർഷകൻ മോശമല്ല. ലിറ്ററിന് 65 രൂപവച്ച് 26,000 രൂപ പ്രതിദിന വരുമാനമുള്ളയാൾ.
ഗ്രാമത്തിൽ ഇപ്പോൾ ക്ഷീരകർഷകരേക്കാൾ കൂടുതലുള്ളത് ട്രക്ക് മുതലാളിമാരാണ്. ഗൾഫിലോ മറ്റെവിടെയെങ്കിലുമോ ജോലിചെയ്ത് കുറച്ചു പണംസന്പാദിച്ചശേഷം നാട്ടിൽവന്ന് ഒരു പഴയ ട്രക്ക് വാങ്ങും. പിന്നെ കണ്ണുചിമ്മുന്ന വേഗതയിൽ ട്രക്കുകളുടെ എണ്ണം കൂടും. നാട്ടിൽ കന്പനികളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് ട്രക്കുകളുടെ ആവശ്യവും കൂടുന്നു.
കാർ നീങ്ങുംമുന്പ് അയാൾ ചോദിച്ചു: ""എവിടെനിന്നാണ് വരുന്നത്?''""കേരളത്തിൽനിന്ന്.''അതു കേട്ടപാടേ അയാളുടെ ഉച്ചത്തിലുള്ള പ്രതികരണം:""കേരള വാലാ, പഞ്ചർവാലാ.''ആ നാട്ടിൽ ഭാഗ്യംതേടി വന്നിരിക്കുന്ന മലയാളികളുടെ പ്രധാന തൊഴിൽ ടയറുകളുടെ പങ്ചർ ഒട്ടിക്കലാണ്. അതിൽ വിജയിച്ചവരുണ്ട്. പക്ഷേ അയാളുടെ സ്വരത്തിൽ കളിയാക്കലിന്റെ ധ്വനി. ഗാന്ധിജിയുടെ നാട്ടിലെ ഗ്രാമീണൻ പോലും കച്ചവടവും ബിസിനസും സ്വപ്നംകാണുന്നവനാണ്. പഞ്ചർവാല ആയാൽപ്പോരാ.
ഗാന്ധിജി വിഭാവനംചെയ്ത ഗ്രാമീണ സന്പദ് വ്യവസ്ഥയല്ല അവന്റെ മനസിൽ. പണമിറക്കി പണംവാരുന്ന കളിയാണ് അവനിഷ്ടം. ഗുജറാത്തിലെ വികസനത്തിനു വലിയ സംഭാവന നൽകുന്നത് വിദേശത്തു വിജയിച്ച ഗുജറാത്തി വ്യവസായികളാണ്. അവർ നാട്ടിൽ പണം വാരിയെറിഞ്ഞ് വിവിധ വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളും പടുത്തുയർത്തുന്നു. അനുബന്ധ സേവനങ്ങൾ നടത്തി ഗ്രാമീണരും സാന്പത്തികമായി ഉയരുന്നു.
വേർതിരിവിന്റെ വേലിക്കെട്ടുകൾ
ഗാന്ധിയൻ സാന്പത്തികശാസ്ത്രമെന്നു വിശേഷിപ്പിക്കാവുന്ന രീതിയിൽ ഗാന്ധിജി ഏറെയൊന്നും എഴുതിയിട്ടില്ല. സാന്പത്തികരംഗത്തെപ്പറ്റിയുള്ള ഗാന്ധിജിയുടെ ചിന്തകൾ സമാഹരിച്ച് മറ്റുള്ളവർ എഴുതിയിട്ടുണ്ട്. പാശ്ചാത്യ സാന്പത്തികവികസന രീതികൾക്കു പകരംവയ്ക്കാവുന്നതായി ഗാന്ധിയൻ വികസനസങ്കല്പങ്ങൾ ഉയർന്നുവന്നത് അങ്ങനെയാണ്. റസ്കിൻ, ടോൾസ്റ്റോയ്, തോറോ തുടങ്ങിയവരുടെ ചിന്തകൾ ഗാന്ധിജിയെ സ്വാധീനിച്ചിട്ടുണ്ട്.
വ്യക്തിയുടെ നന്മ എന്നതിൽ സമൂഹത്തിലെ മുഴുവൻ വ്യക്തികളുടെയും നന്മ ഉള്ളടങ്ങിയിട്ടുണ്ടെന്നാണ് ഗാന്ധിജി സങ്കല്പിക്കുന്നത്. ലാളിത്യം, സമത്വം, സന്യാസമനോഭാവം എന്നിവ ഇതോടു ചേർന്നുപോകുന്നു. ഇതിലൂടെ സാന്പത്തിക-സാമൂഹിക അസമത്വങ്ങളെയും പിന്നാക്കാവസ്ഥയെയും കഠിനദാരിദ്ര്യത്തെയും ഇല്ലാതാക്കാമെന്നാണ് ഗാന്ധിജി ചിന്തിക്കുന്നത്. ഇന്നു പടർന്നുകയറുന്ന വികസനസങ്കല്പങ്ങളിൽ ഇവയ്ക്കു സ്ഥാനമില്ലെന്നതാണ് സത്യം.
എന്നാൽ ഗാന്ധിജിയുടെ കാലത്തെ സാമൂഹ്യ യാഥാർഥ്യങ്ങളിൽനിന്ന് കാതലായ മാറ്റമൊന്നും ഗുജറാത്തിലെ ഗ്രാമങ്ങളിൽ സംഭവിച്ചിട്ടില്ല. നിങ്ങാൾ ഗ്രാമത്തിൽ പട്ടികജാതി വിഭാഗക്കാർ ഒരുമിച്ചു താമസിക്കുന്ന ഭാഗത്തുകൂടി വാഹനം കടന്നുപോകുന്പോൾ റോഡ് വലിയ കുഴികൾ നിറഞ്ഞ് മോശമായിരുന്നു. അരികിൽ ബാവൽ മുള്ളുകൾ പടർന്നുകയറിയിരിക്കുന്നു. അവ അവിടെ വസിക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥ വിളിച്ചോതുന്നു.
ഗ്രാമങ്ങളിൽ ജാതി തിരിഞ്ഞ് കൂട്ടത്തോടെയാണ് താമസം. ജാതിതിരിച്ചാണ് ശ്മശാനങ്ങൾ. വിവാഹങ്ങൾ നടത്തുന്നത് വെവ്വേറെ ഹാളിലാണ്.
ഏതെങ്കിലും ഗുജറാത്ത് ഗ്രാമത്തിൽ ജോലിചെയ്യാനോ, സ്ഥിരമായി ജീവിക്കാനോ ചെല്ലുന്ന വ്യക്തി സാമൂഹിക യാഥാർഥ്യങ്ങൾ മനസിലാക്കി പെരുമാറിയില്ലെങ്കിൽ ഒറ്റപ്പെടും. പട്ടികജാതിക്കാരനായ ഒരാളുമായിട്ടാണ് ആദ്യം ബന്ധപ്പെടുന്നതെങ്കിൽ പണവും സ്വാധീനവുമുള്ള ഉയർന്ന ജാതിക്കാരുടെ ഇടയിൽ പ്രവേശനം നിഷേധിക്കപ്പെടും.
ഗ്രാമത്തിൽ എല്ലാവർക്കും സ്വീകാര്യനായ ഒരു വ്യക്തിയുടെ സ്നേഹം നേടുകയും അയാൾവഴി മറ്റുള്ളവരെ ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. ഗാന്ധിജി വിഭാവനംചെയ്ത സാന്പത്തിക പ്രവർത്തന പദ്ധതിക്ക് പ്രവേശനം അനുവദിക്കാതെയും, അദ്ദേഹം മാറണമെന്നാഗ്രഹിച്ച ജാതിചിന്തകൾക്കു മാറ്റമില്ലാതെയും നിലകൊള്ളുകയാണ് ഗുജറാത്ത് ഗ്രാമങ്ങൾ. വടക്കേയിന്ത്യൻ ഗ്രാമങ്ങളുടെ പൊതുസ്ഥിതി ഇതാണെന്നു രേഖപ്പെടുത്തിയാലും തെറ്റാവില്ല.
ഇ. സന്തോഷ്കുമാറിന്റെ "ജ്ഞാനഭാരം' എന്ന നോവലിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ഭുവൻ ദേശായി ഹുണ്ടികവ്യാപാരിയായ അച്ഛനോട് എതിർത്താണ് നിയമം പഠിക്കാനായി ബോംബെയിൽ വന്നത്. മകന്റെ ഭാവിയെപ്പറ്റി ഹുണ്ടികവ്യാപാരിയുടെ ദീർഘദർശനം നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
""കത്തിയവാഡിൽനിന്നു ബിലാത്തിയിൽ പോയി നിയമംപഠിച്ചു വഴിപിഴച്ചുപോയ ആ ബനിയയുടെ ഗതി തന്റെ മകനും വരുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു.'' ആ ബനിയ ആരാണെന്നു വ്യക്തമാക്കേണ്ടതില്ലല്ലോ. ഗാന്ധിജിയുടെ വഴിയല്ല പഴിച്ചത്. പിന്നാലെ വന്നവരുടെയാണ്. ട്രംപിൽനിന്ന് അടികിട്ടുന്പോൾപോലും നാം അതു തിരിച്ചറിയുന്നുമില്ല.