വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
Saturday, November 5, 2022 10:46 PM IST
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ്‍ പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950 ൽ അദ്ദേഹം ആരംഭിച്ച ഈ കാർട്ടൂണ്‍ പരന്പര, 94-ാം വയസിൽ അദ്ദേഹം അന്തരിക്കുന്നതുവരെ തുടർന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കൾ ഉൾപ്പെടുന്ന ടീം ഈ പരന്പര ഇപ്പോഴും തുടരുന്നു. ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ച് ലോകവ്യാപകമായി 1800 പ്രസിദ്ധീകരണങ്ങളിൽ ഈ കാർട്ടൂണ്‍ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു മിലിട്ടറി ക്യാന്പിന്റെ പശ്ചാത്തലത്തിൽ രൂപം നൽകിയിരിക്കുന്ന ഈ പരന്പരയിൽ ഒരു ബുൾഡോഗ് ഉൾപ്പെടെ പതിനൊന്നു പ്രധാന കഥാപാത്രങ്ങളും വേറേ ഒരുഡസനോളം സപ്പോർട്ടിംഗ് കഥാപാത്രങ്ങളുമുണ്ട്.
പ്രധാന കഥാപാത്രങ്ങളിൽ ഒന്നാമൻ ഈ കാർട്ടൂണ്‍ പരന്പരയുടെ പേരുകാരൻ ബീറ്റിൽ ബെയ്ലി തന്നെ. ഒരുവർഷത്തെ കോളജ് പഠനത്തിനു ശേഷം മിലിട്ടറിയിൽ ചേർന്ന ബെയ്ലി മടിയൻമാരുടെ രാജാവാണ്. എല്ലാ കാര്യങ്ങളിലും അലസനായ ബെയ്ലിയുടെ പ്രധാന ജോലി ഉറക്കമാണ്. എന്നിരുന്നാലും ബെയ്ലി ഒരു രസികനാണുതാനും.
സാർജന്റ് സ്നോർക്കലാണ് മറ്റൊരു പ്രധാന കഥാപാത്രം. ബെയ്ലി ഉൾപ്പെടുന്ന ഒരു സ്ക്വാഡ്രന്റെ ലീഡറാണ് സ്നോർക്കൻ. ബെയ്ലിയും സ്നോർക്കലും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ പരന്പരയുടെ ജീവൻ. ലഫ്റ്റനന്റ് സോണിഫസ് ചിട്ടകൾ കൃത്യമായി പാലിക്കുന്ന ഒരു ഓഫീസറാണ്. അദ്ദേഹത്തിന്റെ ഓഫീസ് എപ്പോഴും വൃത്തിയുള്ളതായിരിക്കും.
മറ്റൊരു കഥാപാത്രം പ്രൈവറ്റായ സീറോയാണ്. നിഷ്കളങ്കനായ അയാൾ ബുദ്ധിയുടെ കാര്യത്തിൽ അല്പം പിന്നിലാണ്. എങ്കിലും നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ് സീറോ. സീറോയെ ചുറ്റിപ്പറ്റിയുള്ള ഒരു കാർട്ടൂണ്‍ അടുത്തദിവസം ബീറ്റിൽ ബെയ്ലി എന്ന പരന്പരയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.
ആറു പാനലുകളുള്ള ഈ കോമിക് സ്ട്രിപ്പിൽ ഒന്നാമത്തേതിൽ സീറോയും ബെയ്ലിയും പ്രൈവറ്റ് ആയ ഡില്ലറും ടെലിവിഷൻ കാണുന്ന രംഗമാണ്. ഈ രംഗത്തിൽ ബെയ്ലി പറയുന്നു, "എല്ലാ വാർത്തകളും മോശം വാർത്തകളാണെന്നു തോന്നുന്നു’.
രണ്ടാമത്തെ പാനലിൽ ബെയ്ലി ബെയ്ലികട്ടിലിൽ കിടന്നു വിശ്രമിക്കുകയാണ്. അപ്പോൾ സീറോ ബെയ്ലിയെ സമീപിച്ചു പറയുന്നു, "ഇന്നത്തെ നിന്റെ കിച്ചൻ ഡ്യൂട്ടി ഞാൻ ചെയ്തുകൊള്ളാം’.
മൂന്നാമത്തെ പാനലിൽ സീറോയെ അടുക്കളയിലാണു കാണുന്നത്. കിച്ചന്റെ ചുമതല വഹിക്കുന്ന കുക്കി എന്നു പേരുള്ള ഷെഫിനെ സമീപിച്ചു സീറോ പറയുകയാണ്, "നിങ്ങൾക്കുവേണ്ടി ഞാൻ ഈ കിച്ചൻ വൃത്തിയായി ക്ലീൻ ചെയ്തു തരട്ടേ?’
നാലാമത്തെ പാനലിൽ സീറോ തീറ്റപ്രിയനായ സ്നോർക്കലിന്റെ മുന്പിൽ ഒരു ലഞ്ചുപാക്കറ്റുമായി എത്തിയിട്ടു പറയുന്നു, "അങ്ങേയ്ക്കുവേണ്ടി ഞാൻ ലഞ്ച് കൊണ്ടുവന്നിട്ടുണ്ട്’.
അഞ്ചാമത്തെ പാനലിൽ നാം കാണുന്നതു സീറോ ലുഫ്റ്റനന്റ് ഫസിന്റെ ഓഫീസിൽനിന്നു വേസ്റ്റ്ബോക്സ് എടുത്തുകൊണ്ടുപോകുന്നതാണ്. അപ്പോൾ സീറോ പറയുന്നു, "ഞാൻ നിങ്ങളുടെ വേസ്റ്റെല്ലാം കളഞ്ഞിട്ടു വരാം’.
ആറാം പാനലിൽ ഫസിനെയും സീറോയെയും സ്നോർക്കലിനെയും കാണാം. ഫസ് ചോദിക്കുന്നു, "എന്താണിത്, സീറോ?’ ഉടനെ സീറോ പറയുന്നു, "ഞാൻ അമേരിക്കയെ വീണ്ടും ദയയുള്ളതാക്കാൻ ശ്രമിക്കുകയാണ്’. അപ്പോൾ സ്നോർക്കൽ പറയുന്നു, "നീ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കണം’.
അമേരിക്കക്കാരുടെ ഭാവനയെ സ്വാധീനിച്ച ഒരു മുദ്രാവാക്യമായിരുന്നു ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ മുദ്രാവാക്യം കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചത്.
നിഷ്കളങ്കനായ സീറോയുടെ വീക്ഷണത്തിൽ അമേരിക്കയ്ക്കു വേണ്ടത് ദയയുള്ള മനുഷ്യരെയാണ്. അതിനുവേണ്ടി തന്റെ സംഭാവന എന്ന രീതിയിൽ സഹായിക്കാൻ തയാറാകുന്നത്. അമേരിക്കയെ വീണ്ടും കാരുണ്യമുള്ളതാക്കി മാറ്റണമെന്നു സീറോ പറയുന്പോൾ ആ സന്ദേശം അമേരിക്കയ്ക്കും അവിടെയുള്ളവർക്കും വേണ്ടി മാത്രമുള്ളതല്ല. അതു ലോകമെന്പാടുമുള്ള മനുഷ്യർക്കും രാഷ്ട്രങ്ങൾക്കുമുള്ളതാണ്.
നമ്മുടെ ലോകം സാങ്കേതികശാസ്ത്ര രംഗത്തും മറ്റു വിവിധ ജീവിതരംഗങ്ങളിലും വൻവിജയം നേടിയിട്ടുണ്ട്. എന്നാൽ രാഷ്ട്രങ്ങൾ തമ്മിലും ഓരോ രാജ്യങ്ങളിലുമുള്ള മനുഷ്യർ തമ്മിലുമുള്ള ബന്ധത്തിൽ എന്തുമാത്രം പാകപ്പിഴകളാണു നാം കാണുന്നത്. സ്നേഹവും സാഹോദര്യവും സമാധാനവും പുലർത്തുന്നതിനു പകരം രാഷ്ട്രങ്ങൾ തമ്മിലും വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളല്ലേ നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ കൊച്ചുകേരളംതന്നെ എടുത്തുനോക്കാം. നമ്മുടെ നാട്ടിലും പരസ്പരമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ വലിയ കുറവ് കാണുന്നില്ലേ? ഒരല്പംപോലും ദയയില്ലാതെ പെരുമാറുന്നവരുടെ കഥകളല്ലേ നാം അനുദിനം ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ കാണുന്നത്. നമുക്കും നമ്മുടെ നാടിനെ കൂടുതൽ സ്നേഹവും ദയയുമുള്ളതാക്കി മാറ്റേണ്ടേ?
അതു സാധിക്കണമെങ്കിൽ സീറോ എന്ന കഥാപാത്രത്തെ അനുകരിച്ച്, നാമും മറ്റുള്ളവർക്കു സഹായകരമായ രീതിയിൽ പ്രവർത്തിക്കണം. അതോടൊപ്പം, നമ്മുടെ കൈയിൽനിന്നു മറ്റുള്ളവർക്കു ദ്രോഹപരമായ ഒന്നും നമ്മുടെ വാക്കിലും പ്രവൃത്തിയിലും സംഭവിക്കുകയില്ലെന്നു നാം ഉറപ്പാക്കുകയും വേണം.
അമേരിക്കയെക്കുറിച്ച്, മേക്ക് അമേരിക്ക കൈൻഡ് എഗെയ്ൻ എന്നു സീറോ പറഞ്ഞതുപോലെ നമ്മുടെ കൊച്ചുകേരളത്തെയും ഭാരതത്തെയും നമുക്കു വീണ്ടും ദയയുള്ളതാക്കി മാറ്റാം. ലെറ്റ് അസ് മേക്ക് അവർ ലാൻഡ് കൈൻഡ് എഗെയ്ൻ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ