വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്നതിലാകട്ടെ നമ്മുടെ ശ്രദ്ധ മുഴുവനും. അക്കാര്യം മറന്നു ജീവിച്ചാൽ നാം തന്നെ ഏറ്റവും വലിയ വിഡ്ഢി.
ഏറ്റവും വലിയ വിഡ്ഢി ആരെന്നു വ്യക്തമാക്കുന്ന കഥകളിൽ ഒരെണ്ണം. ദൈവഭക്തനായ ഒരു ഗ്രാമീണൻ. അയാൾ എല്ലാ ദിവസവും രാവിലെ എണീറ്റ് പ്രാർഥിക്കും. ദൈവസ്തുതിഗീതങ്ങൾ പാടും. അതിനുശേഷം ജോലിക്കുപോകും. എന്നാൽ, അയാൾ ഉച്ചനേരമാകുന്പോൾ ജോലി നിർത്തും. പിന്നെ ഉച്ചഭക്ഷണവും അല്പസമയത്തെ വിശ്രമവും കഴിഞ്ഞു പരോപകാര പ്രവർത്തനങ്ങൾക്കായി അയാൾ സമയം ചെലവഴിക്കും.
അയാളുടെ സേവനം സ്വീകരിച്ചിരുന്നവർക്ക് അയാളോട് എപ്പോഴും ആദരവും സ്നേഹവുമായിരുന്നു. എന്നാൽ, ഗ്രാമത്തിലെ ഭൂരിപക്ഷം പേരും അയാളുടെ നടപടിയെ അനുകൂലിച്ചില്ല. ദിവസം മുഴുവൻ ജോലിചെയ്തു കൂടുതൽ പണം സന്പാദിക്കുന്നതിനു പകരം പ്രാർഥനയിലും പരോപകാര പ്രവർത്തനങ്ങളിലും സമയം കളയുന്ന ഒരു വിഡ്ഢിയായിട്ടാണ് അയാളെ അവർ വീക്ഷിച്ചത്. അയാൾ ഒരു ഭ്രാന്തനാണെന്നു ചിലർ അയാളെ മുദ്രകുത്തുകയും ചെയ്തു.
ആ ഗ്രാമത്തിൽ ധനികനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. പണം സന്പാദിക്കുന്ന കാര്യത്തിലായിരുന്നു എപ്പോഴും അയാളുടെ ശ്രദ്ധ. ആർക്കും ഒരു ചില്ലിക്കാശുപോലും വെറുതെ കൊടുക്കാൻ അയാൾ തയാറല്ലായിരുന്നു. പണക്കൊതിയനായ ഈ ധനികൻ, പാവങ്ങളെ സഹായിക്കാൻ സ്വന്തം സന്പാദ്യം ഉദാരമായി ചെലവഴിക്കുന്ന ഗ്രാമീണനെക്കുറിച്ച് കേൾക്കാനിടയായി. ആ ഗ്രാമീണൻ എത്രയോ വലിയ വിഡ്ഢിയാണെന്ന് അയാൾ കരുതി.
ഒരു ദിവസം ഈ ധനികൻ ആ ഗ്രാമീണനെ കാണാൻ പോയി. അയാളെ കണ്ടപ്പോൾ ധനികൻ പറഞ്ഞു: “നിന്നെക്കുറിച്ചു ഞാൻ കേൾക്കുന്നതു ശരിയാണെങ്കിൽ നീ ആണ് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ വിഡ്ഢി. നീ നിന്റെ പണവും വിലയേറിയ സമയവും മറ്റുള്ളവരെ സഹായിക്കാൻ ചെലവഴിക്കുന്നു എന്നു കേൾക്കുന്നതു ശരിയാണോ?’
അതു ശരിയാണെന്നു ഗ്രാമീണൻ പറഞ്ഞു. ഉടനെ ധനികൻ തന്റെ കൈവശമുണ്ടായിരുന്ന ഒരു തൊപ്പി അയാൾക്കു കൊടുത്തുകൊണ്ടുപറഞ്ഞു: “നിന്നെക്കാൾ വിഡ്ഢിയായ ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട്, ഏറ്റവും വലിയ വിഡ്ഢിക്കുള്ള ഈ തൊപ്പി നിനക്കിരിക്കട്ടെ. എന്നാൽ, നിന്നെക്കാൾ വിഡ്ഢിയായ ആരെയെങ്കിലും നീ കണ്ടെത്തിയാൽ അപ്പോൾ ഈ തൊപ്പി നീ അയാൾക്കു കൊടുക്കണം.”
ഗ്രാമീണൻ ഒന്നും പറയാതെ ആ തൊപ്പി വാങ്ങി സൂക്ഷിച്ചു. ധനികൻ തന്നെ പന്പരവിഡ്ഢിയായി കണ്ടതിന്റെ പേരിൽ അയാൾ തന്റെ നന്മപ്രവർത്തികൾ വേണ്ടെന്നുവച്ചില്ല. അയാൾ അതു പൂർവാധികം വിശ്വസ്തതയോടെ തുടർന്നു.
വർഷങ്ങൾ കുറെ കടന്നുപോയി. തന്നെ മുൻപ് സന്ദർശിക്കാൻ വന്നിരുന്ന ധനികൻ രോഗംമൂലം മരിക്കാറായി കിടക്കുകയാണെന്ന് ആ ഗ്രാമീണൻ അറിഞ്ഞു. ഉടനെ അയാൾ ധനികനെ സന്ദർശിക്കാൻ ചെന്നു. അയാൾ കണ്ടപ്പോൾ ധനികൻ പറഞ്ഞു: “സഹോദരാ, എന്റെ അവസാനം അടുത്തു. ഞാൻ പോവുകയാണ്. എനിക്കുവേണ്ടി പ്രാർഥിക്കണം.”
അപ്പോൾ ഗ്രാമീണൻ ചോദിച്ചു: “അങ്ങയുടെ യാത്രയ്ക്ക് അങ്ങ് ഒരുങ്ങിക്കാണുമെന്നു കരുതുന്നു. അങ്ങയുടെ ഭാര്യയും മക്കളും കൂടെ വരുന്നുണ്ടോ? അങ്ങയുടെ സന്പത്ത് അങ്ങ് കൂടെ കൊണ്ടുപോകുന്നുണ്ടോ?” ഉടനെ ധനികൻ പറഞ്ഞു: അവർക്കൊന്നും കൂടെ വരാനാകില്ലല്ലോ. സന്പത്തും കൂടെ കൊണ്ടുപോകാനാവില്ലല്ലോ. ഞാൻ കൂടെ കൊണ്ടുപോകുന്നത് എന്റെ നന്മ-തിന്മ പ്രവൃത്തികൾ മാത്രമാണ് എന്ന് ഇപ്പോൾ മനസിലാക്കുന്നു. പക്ഷേ, അതു മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി.’’
താൻ ഉടനെ മടങ്ങിവരുമെന്നു പറഞ്ഞ് ആ ഗ്രാമീണൻ തന്റെ ഭവനത്തിലേക്കു പോയി. കുറെ കഴിഞ്ഞപ്പോൾ ഒരു തൊപ്പിയുമായി ധനികന്റെ അടുത്തെത്തി അയാൾ പറഞ്ഞു: “അങ്ങ് എനിക്ക് പണ്ടുതന്ന തൊപ്പിയാണിത്. ഏറ്റവും വലിയ വിഡ്ഢിക്കുള്ള തൊപ്പി. എന്നെക്കാൾ വിഡ്ഢിയായ ഒരാളെ കണ്ടുമുട്ടിയാൽ ഈ തൊപ്പി അയാൾക്കു നൽകണമെന്ന് അങ്ങു പറഞ്ഞിരുന്നുവല്ലോ.’’
കൈവശമുണ്ടായിരുന്ന തൊപ്പി ധനികനു കൊടുത്തുകൊണ്ടു ഗ്രാമീണൻ പറഞ്ഞു: “പണവും സന്പത്തുമൊന്നും കൂടെ കൊണ്ടുപോകാനാവില്ലെന്ന് അറിഞ്ഞിരുന്ന അങ്ങ് ജീവിതകാലം മുഴുവൻ അവയുടെ പിന്നാലെ പോയി. എന്നു മാത്രമല്ല, ദൈവത്തെയും സഹജീവികളെയും മറന്ന് അങ്ങ് ജീവിച്ചു. അപ്പോൾ അങ്ങേക്ക് എങ്ങനെ സ്വർഗത്തിലെത്താനാവും? അങ്ങ് തന്നെ ഏറ്റവും വലിയ വിഡ്ഢി. ഈ തൊപ്പി അങ്ങേക്കുള്ളതാണ്!’’
ഈ കഥ കേൾക്കുന്പോൾ ഇതൊരു പൊട്ടക്കഥയായി തോന്നാം. എന്നാൽ ഈ കഥ നൽകുന്ന സന്ദേശം അമൂല്യമാണ്. നാം സന്പാദിക്കുന്ന പണവും സന്പത്തുകളും മരണശേഷം നമുക്ക് കൂടെ കൊണ്ടുപോകാനാവില്ലെന്നു വ്യക്തമായി നമുക്കറിയാം. എന്നു മാത്രമല്ല, ദൈവം നമുക്കു നൽകുന്ന ദാനങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ചു ദൈവത്തിന്റെ ആഗ്രഹമനുസരിച്ചു നാം ജീവിച്ചാലേ നമുക്കു സ്വർഗരാജ്യത്തിൽ പ്രവേശനമുള്ളൂ എന്നും നമുക്കറിയാം.
എന്നാൽ, പണത്തിന്റെയും സന്പത്തിന്റെയും പിന്നാലെ പോയി ഈ വസ്തുതകളെല്ലാം മറന്നുകൊണ്ടല്ലേ നമ്മിൽ പലരും ജീവിക്കുന്നത്? നമ്മുടെ നന്മപ്രവൃത്തികളല്ലാതെ മറ്റൊന്നും നമ്മുടെ മരണശേഷം കൂടെകൊണ്ടുപോകാൻ സാധിക്കുകയില്ലെങ്കിൽ പിന്നെ നാമെന്തിനു നമ്മുടെ ജീവൻ പണയംവച്ചും സന്പത്തിന്റെ പിന്നാലേ പോകണം?.
ശരിയാണ്, ജീവിക്കാൻ നമുക്കു പണം വേണം. നല്ല ജീവിത സൗകര്യങ്ങൾ വേണം. എന്നാൽ അതിനുവേണ്ടി നമ്മെ കാത്തിരിക്കുന്ന സ്വർഗസൗഭാഗ്യം നമ്മൾ കളഞ്ഞുജീവിക്കാമോ? നാം അങ്ങനെ ചെയ്യുന്നെങ്കിൽ പന്പരവിഡ്ഢികളാണ് നമ്മൾ! ഏറ്റവും വലിയ വിഡ്ഢിക്കുള്ള തൊപ്പിക്കു നമ്മൾ അർഹർതന്നെ.
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്നതിലാകട്ടെ നമ്മുടെ ശ്രദ്ധ മുഴുവനും. അക്കാര്യം മറന്നു ജീവിച്ചാൽ നാം തന്നെ ഏറ്റവും വലിയ വിഡ്ഢി.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ