ലോകം മുഴുവൻ മതിയാകാത്തവർ!
Saturday, September 23, 2023 3:15 PM IST
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബിസി 356-323). ലോകം കണ്ടിട്ടുള്ള മിലിട്ടറി കമാൻഡർമാരിൽ ഏറ്റവും പ്രഗല്ഭനായി അദ്ദേഹം അറിയപ്പെടുന്നു. പതിമൂന്നു വർഷമേ അദ്ദേഹം മാസിഡോണിയയുടെ രാജാവായിരുന്നുള്ളൂ. എങ്കിലും ആ ചുരുങ്ങിയ കാലംകൊണ്ട് പൗരാണിക കാലത്തെ ഏറ്റവും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
യുദ്ധത്തിൽ പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യം ഗ്രീസ് മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യവരെ വ്യാപിച്ചുകിടന്നു. ദീർഘകാലം നീണ്ടുനിന്ന യുദ്ധപര്യടനത്തിൽ അസംതൃപ്തരായ പടയാളികൾ തിരികെപ്പോകാൻ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ അലക്സാണ്ടർ ഒരുപക്ഷേ തന്റെ യുദ്ധപര്യടനം ഇന്ത്യയിലെത്തിയ ശേഷം അവസാനിപ്പിക്കില്ലായിരുന്നു. മടക്കയാത്രയിൽ ബാബിലോണിൽവച്ചു മലേറിയ അല്ലെങ്കിൽ ടൈഫോയ്ഡ് മൂലമാണ് അദ്ദേഹം മരിച്ചതെന്നു കരുതപ്പെടുന്നു.
മുപ്പത്തിരണ്ടാം വയസിൽ അന്തരിച്ച അദ്ദേഹത്തെ ആദ്യം ഈജിപ്തിലെ മെംഫിസിലും പിന്നീട് ഈജിപ്തിലെതന്നെ അലക്സാൻഡ്രിയയിലും സംസ്കരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഇതുവരെയും അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തുന്നതിൽ ആധുനിക ഗവേഷകർ വിജയിച്ചിട്ടില്ല.
അലക്സാണ്ടറുടെ ശവകുടീരം എവിടെയാണെന്നു തീർച്ചയില്ലെങ്കിലും ആ ശവകുടീരത്തിൽ കൊത്തിവച്ച സ്മരണക്കുറിപ്പ് ഗവേഷകരുടെ പഠനങ്ങളിൽ കാണാം. അത് ഇപ്രകാരമായിരുന്നു, ""ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.' ഈ സ്മരണക്കുറിപ്പ് യഥാർഥമാണെങ്കിലും അല്ലെങ്കിലും ഇത് അർഥസന്പുഷ്ടംതന്നെ.
ലോകം മുഴുവനും വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ച അലക്സാണ്ടർക്കു രാജ്യങ്ങൾ ഓരോന്നായി കീഴടക്കിയിട്ടും മതിയായില്ല. വീണ്ടും മുന്നോട്ടു പോകാനായിരുന്നു ആഗ്രഹം. എന്നാൽ, സാഹചര്യം അതിന് അനുവദിച്ചില്ല. തന്മൂലം മടങ്ങിപ്പോകേണ്ടിവന്നു. ആ യാത്ര ചെന്നവസാനിച്ചത് തനിക്കു മതിയാകുന്ന ഒരു ശവകുടീരത്തിലും.
തന്റെ ജൈത്രയാത്ര ഒരിക്കൽ ചെന്നവസാനിക്കുന്നത് എവിടെയെങ്കിലുമുള്ള ഒരു ശവകുടീരത്തിലായിരിക്കുമെന്നു ചെറുപ്പക്കാരനായ അലക്സാണ്ടർ എപ്പോഴെങ്കിലും ഓർമിച്ചിട്ടുണ്ടാവുമോ? അതേക്കുറിച്ചു തീർച്ച പറയാനാവില്ല. എങ്കിലും പേർഷ്യക്കാർ പരന്പരാഗതമായി അലക്സാണ്ടറെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്.
ആ കഥ ഇപ്രകാരമാണ്: ബാബിലോണിൽവച്ച് അലക്സാണ്ടർ രോഗിയായി കിടക്കുന്ന അവസരം. തന്റെ മരണം അടുക്കാറായി എന്നു മനസിലാക്കിയ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന കമാൻഡർമാർക്കു തന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങൾ നൽകി. അതിലൊന്ന്, ശവപേടകത്തിൽ തന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോകുന്പോൾ തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടണമെന്നായിരുന്നു.
അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ കാരണവും അദ്ദേഹം അവർക്കു നൽകി, ""ലോകം മുഴുവൻ ഞാൻ കീഴടക്കി. എന്നാൽ, വെറുംകൈയോടെ ഞാൻ പോകുന്നു!' അലക്സാണ്ടർ ചക്രവർത്തി യഥാർഥത്തിൽ ഇപ്രകാരം നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹം മഹാനായ ഒരു യുദ്ധവീരൻ മാത്രമായിരുന്നില്ല. പ്രത്യുത മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും മനസിലാക്കിയ ഒരു ആത്മജ്ഞാനിയുമായിരുന്നു.
ലോകത്തിൽ എന്തെല്ലാം നേടിയാലും അതൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി. തന്മൂലമാണ് ശവപേടകത്തിൽനിന്ന് തന്റെ ഒരു കൈ പുറത്തേക്കു തൂക്കിയിടാൻ അദ്ദേഹം ആവശ്യപ്പെട്ടത്.
അലക്സാണ്ടർക്കു ശേഷം ലോകവും അതിലെ മനുഷ്യരും ഏതെല്ലാം രീതിയിൽ പുരോഗമിച്ചു. ഏതെല്ലാം മേഖലകളിൽ എത്രമാത്രം നേട്ടങ്ങൾ നേടി. അവിശ്വസനീയമെന്നു തോന്നിക്കുന്ന കാര്യങ്ങൾവരെ മനുഷ്യനു ചെയ്യാൻ സാധിക്കുന്നു. ലോകം മുഴുവനും മനുഷ്യന്റെ വിരൽത്തുന്പിലും കൈപ്പിടിയിലുമാണെന്നു തോന്നുന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
എന്നാൽ, അലക്സാണ്ടർക്ക് ഉണ്ടായിരുന്നുവെന്നു നാം കരുതുന്ന ആത്മജ്ഞാനം നമ്മിലെത്ര പേർക്ക് ഉണ്ടാകും. മരിക്കുന്പോൾ, നമ്മുടെ ഭൗതികനേട്ടങ്ങളൊന്നും കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് നമുക്കറിയാവുന്പോഴും ആ ഭൗതിക നേട്ടങ്ങളുടെ പിറകേയല്ലേ നമ്മുടെ പരക്കംപാച്ചിൽ? ഏതു വിധേനയും എത്രമാത്രം പണം സന്പാദിക്കാൻ സാധിക്കുമോ അത്രമാത്രം സന്പാദിക്കാനല്ലേ നമ്മിൽ പലരുടെയും തത്രപ്പാട്. അധികാരത്തിന്റെയും പ്രശസ്തിയുടെയുമൊക്കെ കാര്യം വരുന്പോഴും വാസ്തവം അതുതന്നെയല്ലേ?
നമ്മുടെ ഭൗതിക നേട്ടങ്ങൾ നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുകയില്ലെന്ന് അറിയാമായിരുന്നിട്ടും നമ്മുടെ കൂടെ കൊണ്ടുപോകാൻ സാധിക്കുന്ന നന്മ പ്രവൃത്തികളുടെയും ആധ്യാത്മിക നേട്ടങ്ങളുടെയും കാര്യം വരുന്പോൾ അവയിലെന്തുകൊണ്ടാണു നാം താത്പര്യം കാണിക്കാത്തത്?
കാര്യങ്ങൾ അതായിരിക്കുന്ന സ്ഥിതിയിൽ കാണാനുള്ള വിവേചനശക്തിയും അതനുസരിച്ചു പ്രവർ ത്തിക്കാനുള്ള കരളുറപ്പും നമുക്കില്ലെന്നു സാരം. തന്മൂലമല്ലേ നശിച്ചുപോകുന്നവയ്ക്കു വേണ്ടി നാം ജീവിതം നശിപ്പിക്കുകയും നിസാര കാരണങ്ങളുടെ പേരിൽ പരസ്പരം തലതല്ലിക്കീറുകയും ചെയ്യുന്നത്.
നാം ഏതു മേഖലയിൽ വിജയം വെട്ടിപ്പിടിച്ചാലും അതൊന്നും നന്മയുടെ വഴിയിലല്ലെങ്കിൽ അതു നമുക്കു കൂടെ കൊണ്ടുപോകാൻ സാധിക്കില്ലെന്നതു മറക്കാതിരിക്കാം. അതനുസരിച്ചു പ്രവർത്തിക്കാം. അല്ലെങ്കിൽ അവയെല്ലാം നമ്മുടെ നിത്യനാശത്തിനേ വഴിതെളിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ