ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നിൽ 1848-56 കാലത്തെ ഗവർണർ ജനറലായിരുന്ന ലോർഡ് ഡൽഹൗസിയായിരുന്നു
ഇന്ത്യയിൽ യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 170 വർഷം. 1853 ഏപ്രിൽ 16ന് ബോംബെയിലെ ബോറിബന്ദർ അഥവാ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽനിന്ന് താനെയിലേക്കായിരുന്നു കന്നിയാത്ര.
ബ്രിട്ടീഷുകാർ ഇന്ത്യക്ക് നൽകിയ വലിയ നേട്ടമായിരുന്നു പാളങ്ങളിലൂടെ ആവിയിലും കൽക്കരിയിലും ഓട്ടം തുടങ്ങിയ കൂറ്റൻ വണ്ടി. രാജ്യത്തെയും ജനങ്ങളെയും ചലിപ്പിക്കുന്ന ഉരുക്കുപാളങ്ങളുടെ നീളം ഇന്ന് 1.2 ലക്ഷം കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. രാപകൽ 13,169 ട്രെയിനുകൾ 7325 സ്റ്റേഷനുകളെ ബന്ധിച്ച് രണ്ടു കോടി യാത്രക്കാരുമായി കുതിക്കുന്നു.
ആദ്യകാലങ്ങളിൽ അതിശയത്തോടെയും ചിലർ ഭയത്തോടെയും കണ്ടിരുന്ന തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നിൽ 1848-56 കാലത്തെ ഗവർണർ ജനറലായിരുന്ന ലോർഡ് ഡൽഹൗസിയായിരുന്നു.
ഇംഗ്ലണ്ടിലെ തുണിമില്ലുകൾക്കു വേണ്ട പരുത്തി തുറമുഖത്ത് എത്തിക്കുന്നതിനും ഇന്ത്യയിൽ വിപണനം വിപുലപ്പെടുത്തുന്നതിനും റെയിൽവേ അനിവാര്യമായിരുന്നു. മാത്രമല്ല ബ്രിട്ടീഷ് സൈനികരെ വിവിധയിടങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് എത്തിച്ച് പ്രദേശങ്ങളുടെ അധീനത നിലനിർത്തുകയെന്ന ഉദ്ദേശ്യവും പിന്നിലുണ്ടായിരുന്നു.
മൂന്ന് ലോക്കോമോട്ടീവ് എൻജിനുകളാൽ വലിക്കപ്പെട്ട 14 ബോഗികളാണ് ആദ്യ ട്രെയിനുണ്ടായിരുന്നത്. എൻജിനുകൾക്ക് സാഹിബ്, സിന്ദ്, സുൽത്താൻ എന്നിങ്ങനെ പേരുകൾ. 400 യാത്രക്കാരുമായി 34 കിലോമീറ്ററായിരുന്നു ആദ്യ ട്രെയിനിന്റെ യാത്ര. ദി ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയാണ് ട്രെയിൻ നിർമാണത്തിലും റെയിൽവേ പ്രവർത്തനത്തിലും പ്രധാന പങ്കുവഹിച്ചത്.
ആദ്യമായി തീവണ്ടി ഓടിയത് 1853ൽ ആയിരുന്നെങ്കിലും 1832ൽതന്നെ ഇന്ത്യയിലും റെയിൽവേ എന്നൊരു നിർദേശം ഉരുത്തിരിഞ്ഞിരുന്നു. അഞ്ചു വർഷം പിന്നിട്ടതോടെ മദ്രാസിനടുത്ത് ചിന്താദ്രിപേട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ റെയിൽപാത നിർമിച്ച് റോട്ടറി സ്റ്റീം ലോക്കോമോട്ടീവ് എൻജിനുള്ള ട്രെയിൻ ഓടിച്ചു.
നിർമാണങ്ങൾക്കുള്ള കരിങ്കല്ലും തടിയും വിവിധയിടങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 1851ൽ ആദ്യ ലോക്കോമോട്ടീവ് തോംസണ് റൂർക്കിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതോടെ പാസഞ്ചർ ട്രെയിൻ എന്ന സ്വപ്നം ഒരുപടി മാത്രം അകലെയായി.
അങ്ങനെ 1853 ഏപ്രിൽ 16ന് ആദ്യ പാസഞ്ചർ ട്രെയിൻ യാഥാർഥ്യമായി. പിന്നീട് ഇന്നുവരെ വലിയൊരു തീവണ്ടിക്കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
വിപുലീകരണം
1854ൽ കിഴക്കൻ മേഖലയിലെ ആദ്യ യാത്രാ ട്രെയിൻ യാഥാർഥ്യമായി. ഹൗറയിൽനിന്ന് ഹൂഗ്ലിവരെ 24 മൈലായിരുന്നു ആ ട്രെയിനിന്റെ സഞ്ചാരം. അതേ വർഷംതന്നെ ബോംബെ-താനെ ലൈൻ കല്യാണിലേക്ക് ദീർഘിപ്പിക്കുകയും ഇരട്ടപ്പാത നിർമിക്കുകയും ചെയ്തു.
പന്ത്രണ്ടു വർഷം പിന്നിട്ടപ്പോൾ ദക്ഷിണേന്ത്യയിലെ ആദ്യ റെയിൽവ ലൈനായ റോയപുരം-വല്ലജ റോഡ്, സിന്ധ്, പഞ്ചാബ്, ഡൽഹി സർവീസുകളും തുടങ്ങി. 1859ൽ വടക്കേഇന്ത്യയിലാദ്യമായി അലഹബാദ്-കാണ്പൂർ സർവീസ് ആരംഭിച്ചു. 1870ൽ അഹമ്മദാബാദിൽനിന്നു ബോംബെയിലേക്ക് നേരിട്ടുള്ള ഓട്ടം തുടങ്ങി.
തീവണ്ടിമാർഗം തപാൽ ഉരുപ്പടികൾ എത്തിച്ചതും ഇതേ വർഷമാണ്. 1920 എത്തിയപ്പോഴേക്കും ഇലക്ട്രിക് സിഗ്നൽ ലൈറ്റിംഗ് അവതരിപ്പിക്കപ്പെട്ടു.
റെയിൽവേയ്ക്കു മാത്രമായി ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് 1925ലാണ്. ഇതിനൊപ്പം ആദ്യ ഇലക്ട്രിക് റെയിൽവേ വിക്ടോറിയ ടെർമിനസ് മുതൽ കുർള വരെ ആരംഭിച്ചു. 1928ൽ പെഷവാർ-മാംഗ്ലൂർ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, മുംബൈ-പെഷവാർ ദി പഞ്ചാബ് ലിമിറ്റഡ് എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകൾ തുടങ്ങി. കളർ ലൈറ്റ് സിഗ്നലിംഗ് ആരംഭിച്ചതും ഇതേ വർഷമാണ്.
1954ലാണ് ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകരിക്കപ്പെടുന്നത്. മൂന്നു വർഷത്തിനുശേഷം ലോക്കോകൾക്കു നന്പരുകൾ വന്നു. അതായത് ഓരോ ട്രെയിനിനും ഓരോ നന്പർ. 1984 ഒക്ടോബർ 24ന് കോൽക്കട്ട മെട്രോ ആരംഭിച്ചതോടെ അതിവേഗ റെയിൽവേ ലൈനുകൾക്ക് തുടക്കമായി. എസ്പ്ലനേഡ് മുതൽ ഭവാനിപുർ വരെയായിരുന്നു ആദ്യ മെട്രോയുടെ യാത്രാപഥം.
1986ൽ ഡൽഹിയിൽ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗും റിസർവേഷനും ആരംഭിച്ചു. 1988ലാണ് വേഗതയേറിയ ശതാബ്ദി എക്സ്പ്രസ് ഡൽഹിക്കും ഝാൻസിക്കുമിടയിൽ ആരംഭിക്കുന്നത്. 1989ൽ ഡൽഹി- കാണ്പൂർ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചു.
1996ലാണ് ഡൽഹി മെട്രോയ്ക്ക് അനുമതിയായത്. കൂടാതെ ന്യൂഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ കംപ്യൂട്ടറൈസ്ഡ് റിസർവേഷനുകൾ നിലവിൽവന്നു. 1997 എത്തിയപ്പോഴേക്കും നിർമാണ വിസ്മയങ്ങളിലൊന്നായ കൊങ്കണ് പാതയിൽ റെയിൽവേ യാത്രയ്ക്ക് തുടക്കമായി. ടിക്കറ്റിനും റിസർവേഷനും ക്രെഡിറ്റ് കാർഡ് സംവിധാനം വന്നത് 1999ലാണ്.
2004ലാണ് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് സംഝോത എക്സ്പ്രസ് ആരംഭിക്കുന്നത്. അട്ടാരി മുതൽ ലാഹോർവരെയായിരുന്നു സഞ്ചാരപഥം. 2016ൽ ഡൽഹിയിൽനിന്ന് ആഗ്രയിലേക്ക് യാത്ര തുടങ്ങിയ ഗതിമാൻ എക്സ്പ്രസ് രാജ്യത്തുണ്ടായിരുന്ന ട്രെയിനുകളെ മറികടക്കുന്ന വേഗമുള്ളതായിരുന്നു.
2019 ഫെബ്രുവരി 15ന് ഡൽഹിയിൽനിന്ന് വാരണാസിയിലേക്ക് ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റവും വേഗതയേറിയ ട്രെയിനായി മാറി. മണിക്കൂറിൽ 180 കിലോമീറ്ററാണ് വേഗം. നിലവിൽ 15 വന്ദേ ഭാരത് എക്സ്പ്രസുകൾ വിവിധ ഭാഗങ്ങളിലൂടെ കുതിക്കുന്നു. 2019 ഒക്ടോബർ നാലിന് ലക്നൗ-ന്യൂഡൽഹി റൂട്ടിൽ ആരംഭിച്ച തേജസ് എക്സ്പ്രസ് സ്വകാര്യ പങ്കാളിത്തമുള്ള ആദ്യ ട്രെയിനായി മാറി.
ഇക്കാലത്തിനിടെ റെയിൽപാളങ്ങളിലും വലിയ പരിണാമങ്ങളുണ്ടായി. തുടക്കത്തിലുണ്ടായിരുന്നത് വീതിയേറിയ ബ്രോഡ് ഗേജ് (1676 മി.മീ) മാത്രമായിരുന്നു. പിന്നീട് സ്റ്റാൻഡേർഡ് ഗേജ് (1435 മി.മീ), മീറ്റർഗേജ ്(1000 മി.മീ) നാരോഗേജ് (762 മി.മീ) എന്നിങ്ങനെ ട്രാക്കിന്റെ വീതിയിലും മാറ്റങ്ങളുണ്ടായി.
ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ നിരവധിയായ പരീക്ഷണങ്ങളിലൂന്നിയാണ് ഇന്ത്യൻ റെയിൽവേ മുന്നേറുന്നത്. 2026ൽ രാജ്യത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേ സ്വന്തമായി നിർമിക്കുന്ന ട്രെയിൻ 508 കിലോമീറ്റർ നീളുന്ന അഹമ്മദാബാദ്-മുംബൈ റൂട്ടിലാണ് യാത്ര നടത്തുക. പരമാവധി വേഗം 350 കിലോമീറ്ററായിരിക്കും.
ചില ട്രെയിൻ വിശേഷങ്ങൾ
ദിബ്രുഗഡിൽനിന്നും കന്യാകുമാരിയിലേക്ക് 4237 കിലോമീറ്റർ ഓടുന്ന വിവേക് എക്സ്പ്രസാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിനായി കണക്കാക്കിയിട്ടുള്ളത്.
നാഗ്പുർ-അജനി സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ട്രെയിനാണ് ഏറ്റവും കുറഞ്ഞ ദൂരമോടുന്നത്. മൂന്ന് കിലോമീറ്റർ ദൂരമാണ് ഈ സ്റ്റേഷനുകൾ തമ്മിലുള്ളത്.
ട്രിവാൻഡ്രം-നിസാമുദീൻ രാജധാനി എക്സ്പ്രസാണ് ദൈർഘ്യമേറിയ നോണ്സ്റ്റോപ്പ് ട്രെയിൻ. 528 കിലോമീറ്റർ ദൈർഘ്യമാണ് യാത്രക്കുള്ളത്. രണ്ടാം സ്ഥാനം മുംബൈ രാജധാനി എക്സ്പ്രസിനാണ്.
115 സ്റ്റോപ്പുകളുള്ള ഹൗറ-അമൃത്സർ, 109 സ്റ്റോപ്പുകളുള്ള ദില്ലി-ഹൗറ ജനത എക്സ്പ്രസ്, 99 സ്റ്റോപ്പുകളുള്ള ജമ്മുതാവി എക്സ്പ്രസ് എന്നിവയാണ് കൂടുതൽ സ്റ്റോപ്പുകളുള്ള ട്രെയിനുകൾ.
ജമ്മു കാഷ്മീരിന്റെ വടക്കേ അറ്റത്തുള്ള ബാരാമുള്ള, ഗുജറാത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ബുജിലുള്ള നാലിയ, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി, കിഴക്കേ അറ്റത്തുള്ള ലെഡോ എന്നിവയാണ് അവസാന സ്റ്റോപ്പുകൾ. കർണാടകയിലെ ഹൂബള്ളിയിലെ റെയിൽവേ പ്ലാറ്റ്ഫോമാണ് ഏറ്റവും നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം.
1977ൽ ദില്ലിയിൽ സ്ഥാപിച്ച നാഷണൽ റെയിൽ മ്യൂസിയമാണ് ഏഷ്യയിലെ ഒരേയൊരു റെയിൽ മ്യൂസിയം. സ്റ്റീം എൻജിൻ, ലോക്കോമോട്ടീവ്, ക്യാരേജുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന് 11 ഏക്കർ വിസ്തൃതിയുള്ളത്. മ്യൂസിയത്തിന് കുറുകെ ഓടുന്ന ടോയി ട്രെയിനാണ് മറ്റൊരാകർഷണം.
മേട്ടുപ്പാളയം-ഉൗട്ടി നീലഗിരി പാസഞ്ചർ ട്രെയിനാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ വേഗത്തിൽ ഓടുന്ന ട്രെയിൻ. 46 കിലോമീറ്റർ പോകാൻ അഞ്ചു മണിക്കൂറാണ് ഈ ട്രെയിനിനു വേണ്ടത്.
അജിത് ജി. നായർ