മണിപ്പുരിലെ എണ്ണമറ്റ അഭയാർഥി ക്യാന്പുകളിലെ വിലാപം ഏങ്ങലടികളും ഗദ്ഗദങ്ങളുമായി പരിണമിച്ചിരിക്കുന്നു. ജീവിതം തല്ലിക്കൊഴിക്കപ്പെട്ട ഇവരുടെ കണ്ണുകളിൽ നിരാശയും ഇനിയെങ്ങനെ മുന്നോട്ടെന്ന ആശങ്കയുമാണ്. ഭീതിയില്ലാതെ ഇനി എവിടെ ജീവിക്കും, നഷ്ടങ്ങൾക്ക് ആര് പരിഹാരം നൽകും എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിദേവനങ്ങളുടെ വീർപ്പുമുട്ടൽ ഈ മുഖങ്ങളിൽ തളംകെട്ടി നിൽക്കുന്നു.
കുട്ടികളെ തോളിലും നെഞ്ചിലും മാറാപ്പിലും ചേർത്തുപിടിച്ചുറങ്ങുന്നവരൊക്കെ ഭീതിദമായ സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നു. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ പാടുപെടുന്ന അമ്മമാർ. വിധിയെ പഴിച്ച്, നിർവികാരതയോടെ മരങ്ങളുടെ തണൽപറ്റി സമയം പോക്കുന്ന വയോധികർ. യുദ്ധഭൂമിയിലെന്നപോലെ ഏതു നിമിഷവും വീണ്ടും ആക്രമണമുണ്ടാകാമെന്ന ആശങ്കയിൽ ക്യാന്പുകൾക്കു രാത്രി കാവൽ നിൽക്കുന്ന ചെറുപ്പക്കാർ. എൻജിനീയറിംഗിനും മെഡിസിനും മറ്റ് കോഴ്സുകൾക്കും പ്രവേശനം കിട്ടാൻ കഠിനശ്രമം നടത്തിവന്നിരുന്ന വിദ്യാർഥികളുടെയൊക്കെ പ്രതീക്ഷകൾ കൂന്പടഞ്ഞിരിക്കുന്നു.
സന്നദ്ധപ്രവർത്തകർ തയാറാക്കുന്ന ചോറും ഉരുളക്കിഴങ്ങും പരിപ്പും ചൂടുവെള്ളവുമാണ് ഇവരുടെ വിശപ്പകറ്റുന്നത്. വിവിധ ക്യാന്പുകളിലെ പതിനായിരക്കണക്കിന് അഭയാർഥികളുടെ മനസിൽ കനലെരിയുകയാണ്. എത്ര കാലം ക്യാന്പുകളിൽ ജീവിക്കണം, എന്നവസാനിക്കും ഈ ദുരിതപർവം, ഇനിയൊരു ജീവിതമുണ്ടാകുമോ എന്നൊക്കെയോർത്ത് നീറിപ്പുകയുന്ന നിസഹായർ.
ചിന്തിച്ചാൽ ഒന്നിനും ഉത്തരമില്ല. ഇവരെ ആശ്വസിപ്പിക്കാൻ ആർക്കുമാവുന്നില്ല. സംരക്ഷണം നൽകാൻ ചുമതലപ്പെട്ടവർ ഇവരെ ശത്രുതാ മനോഭാവത്തോടെയാണ് നോക്കിക്കാണുന്നത്. ആക്രമിക്കപ്പെടുകയും പിടഞ്ഞുമരിക്കുകയും ചെയ്യുന്ന ഹതഭാഗ്യരുടെ നിലവിളി ആരും കേൾക്കുന്നില്ല.
കുക്കികളും മെയ്തെയ്കളും
സംസ്ഥാനത്തിന്റെ രണ്ടു ഭാഗങ്ങളിലായാണ് കുക്കി വംശജരുടെ ക്യാന്പുകൾ. മെയ്തെയ് വിഭാഗക്കാർ ഏറെപ്പേരും ക്യാന്പുകളിലല്ല, സ്വന്തം വീടുകളിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. അവർക്കാവട്ടെ ഗവണ്മെന്റിന്റെ പരിരക്ഷയും സംരക്ഷണവും ലഭിക്കുന്നതിനാൽ ഭക്ഷണത്തിനും ചികിത്സയ്ക്കും കുറവില്ല. അതേസമയം കുക്കി അഭയാർഥികൾ ഏറെയും സർക്കാർ സ്കൂളുകളിലാണ് കഴിയുന്നത്. നിലത്ത് പടുതയും അതിനു മുകളിൽ കന്പിളിയും വിരിച്ച് ഇരിക്കാനും കിടക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. അതിന്റെ വശങ്ങളിൽ പടുതയും പുതപ്പും വിരിച്ച് താത്കാലിക വസതികളും ഒരുക്കിയിട്ടുണ്ട്.
കുക്കികളുടെ ജീവിതമാണ് ഏറെ ദുരിതപൂർണം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ നന്നേ പരിമിതമാണ്. ക്യാന്പുകളിൽ വളരെക്കുറച്ചു ശൗചാലയങ്ങളേയുള്ളു. കുഴിയെടുത്ത് ചാക്കും പടുതയും മറച്ചുകെട്ടി താൽക്കാലിക ശുചിയിടങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറു പേർക്ക് ഒരൊറ്റ ടോയ്ലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ആസാം റൈഫിൾസിന്റെ ക്യാന്പിൽ തങ്ങേണ്ടിവന്ന ഒരു കന്യാസ്ത്രീ വെളിപ്പെടുത്തി.
കുക്കി വിഭാഗക്കാർ കാംഗ്പോക്പി, ചുരാച്ചാന്ദ്പൂർ ജില്ലകളിലെ ക്യാന്പുകളിലാണ് ഏറെയും കഴിയുന്നത്. കാംഗ്പോക്പിയിൽ 56 ക്യാന്പുകളിൽ 11,000 ത്തിൽപരം പേരാണ് അഭയാർഥികൾ. ടൗണിലെ ക്യാന്പുകളിലധികവും തലസ്ഥാനമായ ഇംഫാലിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന കുക്കികളാണ്. ചുരാച്ചാന്ദ്പൂരിലെ 91 ക്യാന്പുകളിൽ കാൽലക്ഷത്തിലേറെപ്പേർ കഴിയുന്നു.
അഭയാർഥിപ്രവാഹം
കലാപത്തിന്റെ ആദ്യദിവസം മേയ് മൂന്നിനു വൈകുന്നേരം ഇംഫാലിലെ 17 ഇടങ്ങളിൽ കുക്കി വംശജർ താമസിക്കുന്ന ഇടങ്ങളെ ചുവന്ന മഷിയുപയോഗിച്ച് ഒരു സംഘം അടയാളപ്പെടുത്തി. തങ്ങൾക്കെതിരേ മിന്നൽ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ കൈവശമുണ്ടായിരുന്ന സാധനങ്ങളുമായി അവർ ഓടുകയായിരുന്നു.
ഇതേയിടങ്ങളിൽ മെയ്തെയ് വിഭാഗക്കാരുടെ പേരുകൾ പ്രത്യേകമായി പതിച്ചതിനുപിന്നിൽ അവരുടെ ഭവനങ്ങളെ അക്രമത്തിൽനിന്ന് ഒഴിവാക്കണമെന്ന സൂചനയായിരുന്നു. കൃത്യമായ ആസൂത്രണം ഈ വംശഹത്യക്കു പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്ന വേറെയും തെളിവുകൾ നിഷ്പക്ഷമതികൾ നിരത്തുന്നുണ്ട്. അയൽവാസികളായ മെയ്തെയ്കൾ ആയിരുന്നില്ല, മറിച്ച് അകലെനിന്നെത്തിയ സായുധസംഘങ്ങൾ പരക്കെ കുക്കികളെ ആക്രമിച്ചു കൊള്ളയടിക്കുകയായിരുന്നു.
തോക്കും വാളുകളുമായി എത്തിയവർ കുക്കികളുടെ പാർപ്പിടങ്ങൾ ഇടിച്ചുപൊളിച്ചും തീയിട്ടും മുന്നേറി. കലാപകാരികൾ അവരുടെ നീക്കങ്ങൾ മൊബൈൽ ഫോണിലൂടെ പലർക്കും അപ്പപ്പോൾ കൈമാറിക്കൊണ്ടിരുന്നു. ഗ്രാമങ്ങളെ വെണ്ണീറാക്കിയശേഷം അവർ അടുത്ത സ്ഥലത്തേക്കു പാഞ്ഞുകൊണ്ടിരുന്നു. ഈ നരാധമൻമാർക്ക് പിന്തുണയും സഹായവും എത്തിക്കാൻ ഉന്നത സ്വാധീനശക്തികൾ ഉണ്ടായിരുന്നുവെന്നു വ്യക്തം.
കലാപകാരികൾ അഴിഞ്ഞാടുന്ന വേളയിൽ പോലീസും സൈന്യവും രംഗം വിട്ടു. അക്രമികൾ ഒന്നാംഘട്ടം കൃത്യം പൂർത്തിയാക്കിയ മേയ് അഞ്ചിനു ശേഷമാണ് സുരക്ഷാഭടൻമാർ തിരികെയെത്തിയത്. ചുരചാന്ദ്പുർ മേഖലയിൽനിന്ന് മെയ്തെയ്കളും ഇംഫാൽ മേഖലയിൽനിന്നു കുക്കികളും അവരുടെ സ്വാധീനമേഖലകളായ ഇംഫാലിലേക്കും കാംഗ്പോക്ക്പിയിലേക്കും ചുരാച്ചാന്ദ്പുരിലേക്കും പലായനം ചെയ്തു. സായുധാക്രമണത്തിൽ ഒൗദ്യോഗിക കണക്കിനെക്കാൾ എത്രയോ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാം.
ദൈന്യതയും നിസഹായാവസ്ഥയും
പരമ ദയനീയമാണ് അഭയാർഥി ക്യാന്പുകളിലെ അന്തരീക്ഷം. നിസഹായരായ കുഞ്ഞുങ്ങളും സ്ത്രീകളും. ഒരു നേരത്തെ ഭക്ഷണത്തിനു പോലും കരുതലില്ലാത്തവർ. ജീവൻ മുറുകെപ്പിടിച്ച് ഉറ്റവരുമായി ഇവരൊക്കെ ഓടിയൊളിച്ചവരാണ്. ഹൃദയം നുറുങ്ങുന്ന കദനകഥകളാണ് ഇവർക്ക് പങ്കുവയ്ക്കാനുള്ളത്. വീട്, കന്നുകാലികൾ, കൃഷി എന്നിവയെല്ലാം നഷ്ടമായി. ഉടുവസ്ത്രമല്ലാതെ ഇനിയൊന്നും ബാക്കിയില്ല.
വറുതിയിലും വേദനയിലും കഴിയുന്ന മലയോര ഗോത്രവാസികളിൽ എങ്ങനെ പ്രത്യാശയുടെ കിരണങ്ങൾ എത്തിക്കാമെന്ന ചിന്തയാണ് ഞങ്ങളെ അഭയാർഥി ക്യാന്പുകളിലെത്തിച്ചത്. മണിപ്പുർ അതിരൂപതയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണവുമായി ക്യാന്പുകളിലേക്ക് അല്മായരും സിസ്റ്റേഴ്സും വൈദികരുമടങ്ങിയ സംഘം കടന്നുചെന്നു.
സിഎംസി സന്യാസിനീ സമൂഹത്തിലെ സിസ്റ്റർ ഫ്ളോറൻസ്, സിസ്റ്റർ ഐറിൻ, സിസ്റ്റർ റൂത്ത്, എസ്എബിഎസ് സമൂഹത്തിലെ സിസ്റ്റർ റബേക്ക, സിസ്റ്റർ സിസിലിയ എന്നിവർ മണിപ്പുർ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ചിലർ നാഗാ വംശജരും ചിലർ കുക്കി വംശജരുമാണ്. എംഎസ്എഫ്എസ് സഭാംഗങ്ങളായ ഫാ. ബോസ്കോ നാഗാ വംശജനും ഫാ. റോയി കണ്ണൂർ മണക്കടവ് സ്വദേശിയുമാണ്.
ഫാ. റോയി കാംഗ്പോക്പി എംഎസ്എഫ്എസ് സ്കൂളിലെ പ്രധാനാധ്യാപകനും ഇടവക വികാരിയുമായി സേവനം ചെയ്യുന്നു. കേരളത്തിൽനിന്നുള്ള എസ്എബിഎസ് സന്യാസിനികൾ നടത്തുന്ന ആവേ മരിയ സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബെത്ത്, സുപ്പീരിയർ സിസ്റ്റർ എൽസീന തുടങ്ങിയവരും സ്ഥലം എംഎൽഎ ഹൗക്കലെറ്റ് കിപ്ഗെനും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ കോളജുകളിലെ അധ്യാപകരും വിദ്യാർഥികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.
അഭയാർഥികൾക്ക് ആശ്വാസവും വോളണ്ടിയേഴ്സിന് കരുതലുമായി ഇംഫാൽ ആർച്ച് ബിഷപ് ഡോ. ഡൊമിനിക് ലുമോണും വികാരി ജനറാൾ ഫാ. വർഗീസ് വേലിക്കകവും നാഗാ, കുക്കി വിഭാഗങ്ങളിൽപ്പെടുന്ന വൈദികരുമുണ്ട്. കേരളത്തിൽനിന്ന് എംഎസ്ജെ സന്യാസിനികളായ സുമവും അർപ്പിതയും സേവനസന്നദ്ധരായി ഇംഫാലിൽ എത്തിയിരുന്നു. അഭയാർഥികൾക്ക് സാന്ത്വനവും ലേപനവുമായി ഇവരൊക്കെ ക്യാന്പുകളിൽ സജീവമായി.
കൈത്തൽമാൻബി ക്യാന്പിലുള്ള 240 പേരിൽ മൂന്നു യുവതികൾ കലാപവേളയിൽ പൂർണഗർഭിണികളായിരുന്നു. മൂവരും പ്രാണരക്ഷാർഥം കാട്ടിലേക്കോടി അവിടെയാണ് പ്രസവിച്ചത്. നവജാതശിശുവുമായി ദിവസങ്ങളോളം ഒളിച്ചു കഴിഞ്ഞ ശേഷമാണ് അവർക്ക് അഭയാർഥി ക്യാന്പിൽ എത്താനായത്.
ഇവർക്ക് സിസ്റ്റർ അർപ്പിതയും സിസ്റ്റർ കുസുമവും സിസ്റ്റർ റെബേക്കയും സിസ്റ്റർ സിസിലിയയും ചേർന്ന് ആവുന്ന വൈദ്യസഹായവും ഭക്ഷണവും നൽകി. മിക്ക ക്യാന്പുകളിലും നിരവധി അമ്മമാർ കൈക്കുഞ്ഞുങ്ങളുമായി അഭയം തേടിയെത്തിയിട്ടുണ്ട്. അതിസാരവും ഛർദിയും പനിയുമൊക്കെയുണ്ടെങ്കിലും ഫലവത്തായ ചികിത്സ നൽകാനാകുന്നില്ല. ബംഗളൂരു സെന്റ് ജോണ്സ് മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാർ ഉൾപ്പെട്ട സംഘം സേവനത്തിന് വരാൻ അധികാരികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഏറെ അഭയാർഥികളും പ്രസ്ബിറ്റേരിയൻ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്റ്റൽ ക്രിസ്തീയ വിഭാഗങ്ങങ്ങളിൽപെട്ടവരാണ്. ഇവർക്കിടയിൽതന്നെ ഉപവിഭാഗങ്ങളുമുണ്ട്.
മൂകതയും ദുഃഖവും തളംകെട്ടിയ ക്യാന്പുകളിലെ അന്തേവാസികളെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും വോളണ്ടിയേഴ്സ് ആവതു ശ്രമിക്കുന്നുണ്ട്. കളികളും കലാപരിപാടികളും കൗണ്സിലിംഗുമൊക്കെ ഇതിന്റെ ഭാഗമാണ്.
സിസ്റ്റർമാരായ ഫ്ളോറൻസും ഐറിനും റൂത്തും കുട്ടികളെ കൈപിടിച്ചും കൈയടിപ്പിച്ചും നിരയായി നിറുത്തി വിനോദപരിപാടികളിൽ പങ്കെടുപ്പിച്ചത് എല്ലാവർക്കും ഉത്തേജകമായി. മിഠായിയും ജ്യൂസും ബിസ്കറ്റുകളും നൽകി കുട്ടികളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. വോളിബോളും മറ്റ് കായികവിനോദങ്ങളുമായി മുതിർന്നവരും വേദനകളെ മറന്നു.
ഇവരോരുത്തർക്കും നേരിടേണ്ടിവന്ന കണ്ണീരനനുഭവങ്ങൾ കേൾക്കുന്നത് ഹൃദയഭേദകമാണ്. തീനാളങ്ങൾക്കും മാരകായുധനങ്ങൾക്കും തോക്കുകൾക്കും വെടിയൊച്ചകൾക്കും മുന്നിൽ പ്രാണനുമായി ഓടിരക്ഷപ്പെട്ട ദിനരാത്രങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കയ്യേറ്റങ്ങൾ. ഗ്രാമങ്ങളെ മണ്കൂനകളും ചാരക്കൂന്പാരവുമാക്കിയശേഷമാണ് കലാപകാരികൾ സ്ഥലം വിട്ടത്.
അഭയാർഥികൾ പലരുടെയും ഉറ്റവരെ അക്രമികൾ വെട്ടിവീഴ്ത്തി കത്തിച്ചു. പലർക്കും വെട്ടും കുത്തും തല്ലും ഏറ്റു. അയൽവാസിയും ബന്ധുക്കളും എവിടെയുണ്ടെന്ന് ആകുലപ്പെടുന്നവവരാണ് ഏറെപ്പേരും. ജോലിയും വരുമാനവും നഷ്ടപ്പെട്ടവരുണ്ട്. സ്കൂളും പഠനവും അവസാനിച്ചുവെന്നു കരുതുന്ന കുട്ടികളുണ്ട്.
രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി വംശഹത്യ നടത്തിയ ഭരണാധികാരികൾ. ഇവരുടെ കൊടുംചെയ്തികളുടെ ഇരയായി ഭിക്ഷാടകരെപ്പോലെ അലയേണ്ടിവരുന്ന ഗോത്രസമൂഹം. നിസഹായരുടെ നിലവിളികൾക്ക് ചെവികൊടുക്കാതെയും സുരക്ഷ ഉറപ്പാക്കാതെയും മുടന്തൻ ന്യായീകരണങ്ങൾ പറയുകയാണ് ഭരണപ്രമാണികൾ. ചോരയിലും കണ്ണീരിലും കുതിർന്ന മണിപ്പുരിൽ മുതലെടുപ്പിന് തുനിയുന്ന രാഷ്ട്രീയക്കാർ.
ഇവരിൽ ചിലർക്കെങ്കിലും ഇത് പണവും അധികാരവും നേടിയെടുക്കാനുള്ള അവസരമായിരിക്കാം. ഒന്നു പറയാതെ വയ്യ, ഇന്ന് മണിപ്പുരിലാണ് ഇത് സംഭവിച്ചതെങ്കിൽ നാളെ മറ്റൊരിടത്തായിരിക്കും. ഇതൊരു ആസൂത്രിത അജണ്ടയുടെ ഭാഗമാണ്. വർഗീയതയും രാഷ്ട്രീയവും സ്വജനപക്ഷപാതവും കൂടിക്കലർന്ന ഗൂഢനീക്കം. ജനാധിപത്യവും നിയമപാലനവും നീതിവാഴ്ചയും ദുർബലമാകുന്പോൾ ശക്തരുടെ ഇരകളായി മാറുക ന്യൂനപക്ഷ സമുദായങ്ങൾ മാത്രമായിരിക്കും.
അതിരൂപതയുടെ സഹായം
കാരിത്താസിന്റെയും കാത്തലിക് റിലീഫ് സർവീസസിന്റെയും സഹകരണത്തോടെ ഇംഫാൽ, കാംഗ്കോപി, ചുരാചാന്ദ്പൂർ ക്യാന്പുകളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. അവശ്യസാമഗ്രികളുമായി ട്രക്ക് ലോഡുകൾ എത്തുന്നുണ്ട്. പലയിടത്തും ട്രക്കുകൾ തടയപ്പെടുന്ന സാഹചര്യവുമുണ്ട്. ഇംഫാൽ അതിരൂപതയുടെയും ഏതാനും എംഎൽഎമാരുടെയും മിലിട്ടറി കമാൻഡർമാരുടെയും സഹായത്തോടെയാണ് ജാതി, മത, സ്ഥല ഭേദമെന്യേ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്.
കിടക്ക, കൊതുകുവല, പാത്രങ്ങൾ, പുതപ്പ്, എണ്ണ, സാനിറ്ററി തുടങ്ങിയവയൊക്കെയാണ് ക്യാന്പുകളിൾ എത്തിച്ചുവരുന്നത്. 50 ടണ് അരി, 30 ടണ് ഉരുളക്കിഴങ്ങ്, അഞ്ചു ടണ് ഉപ്പ്, 20 ടണ് ദാൽ, അയ്യായിരം ലിറ്റർ എണ്ണ, അഞ്ചു ടണ് വീതം പഞ്ചസാര, മഞ്ഞൾപൊടി, മുളകുപൊടി, സോയാബീൻ തുടങ്ങിയവ ക്യാന്പുകളിൽ വിതരണം ചെയ്തു. പതിനായിരക്കണക്കിന് അഭയാർഥികൾ കാംഗ്പോക്പി, ചുരാചാന്ദ്പുർ, ഇംഫാൽ ക്യാന്പുകളിലുണ്ട്.
മെയ്തേയ്കളുടെ ആക്രമണഫലമായി ക്യാന്പിലേക്ക് ഇപ്പോഴും കുക്കി അഭയാർഥികൾ പ്രവഹിക്കുന്നുണ്ട്. ഗവണ്മെന്റ് ഇംഫാലിലുള്ള മെയ്തേയ്കൾക്കു മാത്രമേ വിഭവസമാഹരണവും വിതരണവും നടത്തുന്നുള്ളു. എംഎൽഎമാരുടെ കടമയാണ് അവരവരുടെ മണ്ഡലത്തിലുള്ള അഭയാർഥികളുടെ സംരക്ഷണമെന്നതാണ് സർക്കാർ നിലപാട്. കുക്കികളോട് ബിരേൻ സിംഗ് സർക്കാരിന്റെ ചിറ്റമ്മനയം വളരെ വ്യക്തമാണ്.
കഴിഞ്ഞ ദിവസം സുഗുനു മേഖലയിൽ മെയ്തേയ്കൾ അതിരൂപതയുടെ ഒരു പള്ളിയും വൈദികമന്ദിരവും തകർത്തതിനുപിന്നാലെ ആയിരത്തിൽപരം കുടുംബങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബിരേൻ സിംഗിന്റെ ഭരണം മെയ്തേയ്കൾക്ക് അനുകൂലമാണെന്നെന്ന് നിഷ്പക്ഷമതികൾ ആരോപിക്കുന്നു.
മനസിനെ മരവിപ്പിക്കുന്ന ദാരുണകാഴ്ചകളാണ് മണിപ്പൂരിൽ കാണാനാവുക. വസ്ത്രങ്ങളോ മരുന്നുകളോ അവശ്യസാധനങ്ങളോ ഇല്ലാതെ വലയുകയാണ് ഇവരെല്ലാം. സ്വന്തം ഗ്രാമം അപ്പാടെ തകർക്കപ്പെട്ടിരിക്കുന്നു. അവിടമൊക്കെ കലാപകാരികൾ കൈവശപ്പെടുത്തുകയും ചെയ്തു. സന്മസുള്ളവരുടെ ഉപകാരങ്ങളും സഹായങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അന്യാധീനപ്പെട്ട ഈ ഗോത്രജനത.
റൂബെൻ കിക്കോണ്