എംടിയുടെ വെള്ളിത്തിര
Sunday, July 9, 2023 2:43 AM IST
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി. താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
കൊല്ലാൻ അവൻ ശ്രമിക്കും
ചാവാതിരിക്കാൻ ഞാനും...
രണ്ടേ രണ്ടു വരിയിൽ ഒരു സിനിമയുടെ കഥ പൂർണമായി ഉൾക്കൊള്ളിക്കുക. ഭരതൻ സംവിധാനംചെയ്ത താഴ്വാരം സിനിമയിലെ ഈ ഡയലോഗിൽ രണ്ടു രണ്ടര മണിക്കൂർ നീളുന്ന സിനിമയുടെ കഥ മുഴുവൻ ഒളിഞ്ഞുകിടപ്പുണ്ട്.
ഏതൊരു എഴുത്തുകാരനെയും കൊതിപ്പിക്കുന്ന മാന്ത്രികസ്പർശം. തിരമാലപോലെ എഴുതിക്കൂട്ടുന്നതല്ല തിരക്കഥയെന്ന് എംടിയുടെ ഓരോ സിനിമയും കാണിച്ചുതരുന്നു.
1965ൽ മുറപ്പെണ്ണിൽ തുടങ്ങുന്നു പ്രേക്ഷകരെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ കൂടല്ലൂർക്കാരന്റെ പ്രതിഭ.
ഇരുട്ടിന്റെ ആത്മാവിലും അസുരവിത്തിലുമൊക്കെ ഇതു വ്യക്തമാണ്.
കഥയും തിരക്കഥയും രണ്ടാണെങ്കിലും എംടി കൈകാര്യം ചെയ്യുന്പോൾ മോഹിപ്പിക്കുന്ന എന്തോ ഒന്നു വന്നുചേരുന്നു.
എഴുതുന്ന സാഹിത്യം കാലാതീതമാകണം എന്നാഗ്രഹിക്കുംപോലെ തിരക്കഥകളും തലമുറകൾ ആസ്വദിക്കണമെന്ന ചിന്ത എംടിക്കുണ്ട്.
കൂട്ടുകുടുംബം, മരുമക്കത്തായം എന്നിവയിൽ തുടങ്ങുന്ന എംടിയുടെ സിനിമാജീവിതം നാലുകെട്ടിന്റെ അകത്തളങ്ങളിൽനിന്നു പുറംലോകത്തേക്കും മനുഷ്യരുടെ വികാരവിചാരങ്ങളിലേക്കും നീങ്ങുന്നത് ഓളവും തീരവും കാണിച്ചുതന്നു.
നിർമാല്യത്തിൽ അന്നേവരെയുള്ള എംടിയെ അല്ല കണ്ടത്. എല്ലാ കെട്ടുകളും പൊട്ടിച്ചുള്ള ഒരെഴുത്തായിരുന്നു നിർമാല്യത്തിൽ.
മലയാള സിനിമയെന്നല്ല ഇന്ത്യൻ സിനിമതന്നെ അന്പരന്നുപോകുന്ന തരത്തിലുള്ള ക്ലൈമാക്സ് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
ബന്ധനവും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയുമൊക്കെ എംടിയുടെ കഥകളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച സിനിമാക്കഥയായി മാറി.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഏതു കാലത്തും അപ്ഡേറ്റ് ചെയ്യാവുന്ന ചലച്ചിത്രകാവ്യം തന്നെയാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ അന്നും ഇന്നും പ്രവാസിയുടെ സ്വപ്നങ്ങളും ജീവിതങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.
തൃഷ്ണയിലെത്തുന്പോൾ നിഗൂഢമായ മനുഷ്യമനസിലേക്കുള്ള മനോഹരമായ യാത്രയാണ് നടത്തുന്നത്. കുറുക്കിക്കാച്ചിയ ഡയലോഗുകളും മികച്ച അഭിനയ മുഹൂർത്തങ്ങളുമായി തൃഷ്ണ ഒരു ലഹരിയായി യുവതലമുറയിൽ തരംഗമായി.
വളർത്തുമൃഗങ്ങളിൽ തന്പിലൂടെ പ്രേക്ഷകരെ കൊണ്ടുപോയ എംടി ഓപ്പോളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിമിഷങ്ങളാണ് കാണിച്ചുതന്നത്.
എംടിയുടെ തിരക്കഥയിൽ കഥയുടെ സങ്കേതങ്ങളും ക്രാഫ്റ്റും ഉപയോഗിക്കുന്പോൾ വരുന്ന ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾ എന്നതിനു പകരം ചെറുബാല്യക്കാർ എന്നു പറയുന്പോഴുള്ള ഭംഗി വേറൊരു തലത്തിലാണ്.
ഉയരങ്ങളിൽ എന്ന സിനിമ മനുഷ്യമനസിന്റെ വന്യമായ മേച്ചിൽപുറങ്ങൾ തേടുന്പോൾ മോഹൻലാലിന്റെ മികച്ച നെഗറ്റീവ് നായകകഥാപാത്രമായി ഇന്നും കാണികളെ ത്രസിപ്പിക്കുന്നു.
സ്വർഗവാതിൽ തുറക്കുന്ന സമയം എന്ന ചെറുകഥയെ ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിലേക്കു പറിച്ചുനടുന്പോൾ താളം പിഴച്ച കുടുംബബന്ധങ്ങളുടെ കഥ യായി. ഇതിൽ മൂന്നോ നാലോ സീനുകളിൽ മാത്രം വന്നുപോകുന്ന മോഹൻലാൽ കഥാപാത്രം മനസിൽ നിറഞ്ഞു നിൽക്കും.
പഞ്ചാഗ്നിയിൽ എംടിയുടെ എഴുത്ത് അഗ്നിയായി ആളിപ്പടരുന്ന വിസ്മയം കാണാം. അക്ഷരങ്ങൾ എംടിയുടെ ആത്മതിരക്കഥയാണെന്നു പറയാവുന്ന ചിത്രമാണ്. അതിലെ ജയദേവൻ, വാസുദേവൻ തന്നെയല്ലേ എന്നു തോന്നിപ്പോകുന്ന എത്രയോ മുഹൂർത്തങ്ങളുണ്ട്.
രംഗം കഥകളി കലാകാരൻമാരുടെ ജീവിതത്തിലേക്കും നഖക്ഷതങ്ങൾ അപക്വമായ പ്രണയത്തിലേക്കും അഭയം തേടി. ഋതുഭേദം തുടങ്ങിയ ചിത്രങ്ങൾ കുടുംബബന്ധങ്ങളിലേക്കും ചെന്നെത്തി.
അമൃതംഗമയ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഉൗന്നൽ കൊടുത്തുകൊണ്ടു മനോഹരമായ ഒരു കഥ പറഞ്ഞ ചിത്രമായി.
ആരണ്യകം നക്സൽ പ്രസ്ഥാനത്തിന്റെ പൊള്ളുന്ന ചിത്രങ്ങളിലൊന്നാണ്.
കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളെഴുതാൻ ഇവിടെയാളുണ്ടെന്നും കേരളത്തിലെ മനുഷ്യൻമാരെ കുറിച്ചെഴുതാനാരുമില്ലെന്നും ദേവന്റെ കഥാപാത്രം അരിശത്തോടെ പറയുന്നുണ്ട്.
സൂപ്പർഹിറ്റായ വൈശാലി പ്രണയവും രതിയും ചേർന്ന മനോഹാരിതയാണ് സമ്മാനിച്ചത്.
വടക്കൻ വീരഗാഥയാകട്ടെ എല്ലാം പൊളിച്ചെഴുതി. കേട്ടുവളർന്ന വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന് പുതിയ മുഖം നൽകി അവതരിപ്പിച്ചപ്പോൾ അതു പാണൻപാട്ടിന്റെ പുതിയ വ്യാഖ്യാനമായി.
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി.
താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
മലയാളത്തിലെ ന്യൂജെൻ സിനിമ ഗണത്തിൽ പെടുത്താവുന്ന വേനൽകിനാവുകൾ കെ.എസ് സേതുമാധവന്റെ സംവിധാനമികവിലാണ് പുറത്തുവന്നത്. പിന്നീട് സദയം, സുകൃതം ചിത്രങ്ങൾ കൈകാര്യം ചെയ്ത വിഷയങ്ങൾ അത്രയും ഗൗരവമുള്ളതായി.
ശത്രു എന്ന ചെറുകഥയിൽനിന്ന് രൂപപ്പെട്ട സദയവും രവി എന്ന മാധ്യമപ്രവർത്തകന്റെ ജീവിതം പറഞ്ഞ സുകൃതവും പ്രേക്ഷകരെ അശാന്തമാക്കുന്ന സൃഷ്ടികളായി.
പരിണയം പുതുതലമുറക്കായി ചെയ്ത ചിത്രമാണ്. ദയ കുട്ടികൾക്കുവേണ്ടിയും.
എന്ന് സ്വന്തം ജാനകിക്കുട്ടിയും തീർത്ഥാടനവും വേണ്ടത്ര പഞ്ച് കിട്ടാതെ പോയ സൃഷ്ടികളാണെന്ന് തോന്നാം. കാരണം ചെറുകഥയുടെ ശക്തി എന്തുകൊണ്ടോ തിരക്കഥയാക്കിയപ്പോൾ ചോർന്നുപോയ പോലെ.
പ്രത്യേകിച്ച് വാനപ്രസ്ഥം ഒരു ലഹരിയായി സിരയിൽ പടർന്നുകയറിയെങ്കിൽ തീർത്ഥാടനം ഒന്നുമല്ലാതായി.
കേരളവർമ പഴശിരാജ ചരിത്രകഥയാണെങ്കിലും പഴശിരാജയുടെ മനസിന്റെ പടയോട്ടങ്ങൾക്കായിരുന്നു എംടി ഉൗന്നൽ നൽകിയത്.
ഒന്നിനൊന്ന് കൂട്ടിത്തൊടാതെ വേറിട്ടു നിൽക്കുന്ന തിരക്കഥയെഴുത്ത്. വള്ളുവനാടൻ തറവാടുകളിലെ കഥകളാണെങ്കിലും അവയ്ക്കെല്ലാം എക്കാലവും കേൾക്കാനാഗ്രഹിക്കുന്ന കാണാൻ കൊതിക്കുന്ന പുതുമ, എഴുത്തിലെ ആറ്റിക്കുറുക്കൽ, കാണുന്നവർക്കും കേൾക്കുന്നവർക്കും മതിവരാതെ നിർത്തുന്ന എംടി ബ്രില്യൻസ്.....എത്രയെഴുതിയാലും പറഞ്ഞാലും തീരില്ല എംടി എന്ന പ്രതിഭാശാലിയുടെ സിനിമകളെക്കുറിച്ച്.
സ്റ്റോറി ബോർഡ് സിനിമയുടെ പ്രധാന സങ്കേതങ്ങളിലൊന്നാണെങ്കിലും എംടിയുടെ തിരക്കഥ തന്നെയാണ് സ്്റ്റോറി ബോർഡ്. ഒരു സീനിൽ എന്തെല്ലാം പ്രോപ്പർട്ടികൾ വേണമെന്നതുകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ തിരക്കഥകൾ.
ഡയലോഗുകൾ എഴുതിയിടുന്പോൾ മനസിൽ വ്യക്തമായ മോഡുലേഷൻ അദ്ദേഹത്തിനുണ്ടാകും. ഇനി കാത്തിരിക്കുന്നത് രണ്ടാമൂഴത്തിനു വേണ്ടിയാണ്...എത്രയോ വട്ടം വായിച്ചുവായിച്ചു ഹരം കൊണ്ടിട്ടുള്ള ഭീമന്റെ കഥ വെള്ളിത്തിരയിൽ എംടിയുടെ സ്ക്രിപ്റ്റിൽ തെളിയുന്നത് കാണാനുള്ള കാത്തിരിപ്പ്.
ഋഷി