ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന് പ്രധാന കാരണമാണെന്ന് പറയാതെ വയ്യ. ദാന്പത്യ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയവരുടെ കുട്ടികളിൽ ഏറെപ്പേരും കുറ്റകൃത്യങ്ങളിലും തെറ്റായ കൂട്ടുകെട്ടിലും എത്തിപ്പെടുക സ്വാഭാവികമാണ്
കഞ്ചാവിന് അടിമപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ ലഹരിവിമോചനകേന്ദ്രത്തിൽ എത്തിച്ചതും എട്ടാം ക്ലാസുകാരനെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ പോലീസ് വീട്ടിലെത്തിച്ചതുമായ രണ്ടു സംഭവങ്ങൾ.
പതിനഞ്ചുകാരി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതും ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനി ക്വട്ടേഷൻ ഗുണ്ടയെ പ്രണയിച്ച് വിവാഹം ചെയ്തതുമായ വേറെയും സംഭവങ്ങൾ. ഒന്നു രണ്ട് ആഴ്ചകൾക്കുള്ളിൽ കാണാനും കേൾക്കാനും ഇടയായത് വേദനയോടെയും ആശങ്കയോടെയുമാണ് പങ്കുവയ്ക്കുന്നത്.
രക്ഷിതാക്കൾ മക്കളുടെ ഓരോ ചലനത്തിലും നോട്ടത്തിലും ശബ്ദത്തിലും അതീവ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കാലത്തിന്റെ മാറ്റങ്ങളേക്കാൾ വേഗത്തിൽ തിന്മയുടെ ശക്തികൾ കുട്ടികളെ അറിഞ്ഞോ അറിയാതെയോ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളെ മാതാപിതാക്കൾ സ്നേഹിച്ച് സ്വന്തമാക്കണം.
എന്നാൽ എല്ലാ ലാളനകൾക്കും പരിധിയുണ്ടാവണം. അവർക്കു നൽകുന്ന അമിതസ്വാതന്ത്ര്യമാണ് പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിലേക്ക് നയിക്കുന്നത്. നേരിൽ ഒരിക്കൽപ്പോലും കാണുകയോ അറിയുകയോ ചെയ്യാത്തയാളു കളുമായി നവമാധ്യമങ്ങൾ മുഖേന കുട്ടികൾ ചങ്ങാത്തം സ്ഥാപിക്കുന്ന കാലമാണിത്.
കോവിഡ് നിയന്ത്രണത്തിൽ ഓണ്‍ലൈൻ പഠനം അനിവാര്യമായതിന്റെ ദോഷഫലങ്ങൾ ഒട്ടേറെ കുട്ടികളെ വഴിതെറ്റിച്ചിരിക്കുന്നു. വാട്സ് ആപ്പും ഫേസ്ബുക്കും ഇ മെയിലും ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പഠനത്തിൽനിന്ന് വഴിതെറ്റിക്കുക മാത്രമല്ല തെറ്റുകളുടെയും അരുതുകളുടെയും ഗർത്തങ്ങളിലേക്ക് അവർ പതിക്കാനും കാരണമായിട്ടുണ്ട്. നിരവധി പേർ പ്രണയക്കുരുക്കുകളിലും അവിശുദ്ധ ബന്ധങ്ങളിലും വീണുപോയി.
മദ്യ, മയക്കുമരുന്ന് മാഫിയ സ്കൂൾ കുട്ടികളിൽവരെ പിടിമുറുക്കിയിരിക്കുന്നു. കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട പതിനേഴുകാരൻ സമനില തെറ്റി മാതാപിതാക്കളെ അടിച്ചുവീഴ്ത്തി വീട്ടുപകരണങ്ങൾ തരിപ്പണമാക്കിയ സാഹചര്യം ഈയിടെ കാണാനിടയായി.
മയക്കുമരുന്നിന് അടിമപ്പെട്ട പത്തൊൻപതുകാരനെ ഭയന്ന് സഹോദരിയെ ഹോസ്റ്റലിലേക്ക് മാറ്റിപാർപ്പിക്കേണ്ടിവന്നതും മറ്റൊരിടത്തു സംഭവിച്ചു. നിരവധി സ്കൂളുകളിൽ ലഹരി സംഘങ്ങൾ കുട്ടികളെ റാഞ്ചാൻ കാത്തുനിൽക്കുന്നുവെന്ന തിരിച്ചറിവ് സ്കൂൾ സന്ദർശനവേളകളിലെ കുട്ടികളുമായുള്ള തുറന്നു പറച്ചിലിൽ കേൾക്കുന്നുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന് പ്രധാന കാരണമാണെന്ന് പറയാതെ വയ്യ. ദാന്പത്യ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയവരുടെ കുട്ടികളിൽ ഏറെപ്പേരും കുറ്റകൃത്യങ്ങളിലും തെറ്റായ കൂട്ടുകെട്ടിലും എത്തിപ്പെടുക സ്വാഭാവികമാണ്.
അമിതസ്വാതന്ത്ര്യത്തിൽ വളരുന്നവരും ധൂർത്തിൽ ജീവിക്കുന്നവരും ഇതേ ഗണത്തിൽപ്പെടുന്നു. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ മക്കൾ ഏറെപ്പേരും നന്നേ ചെറിയ പ്രായത്തിൽ ഇതേ ലഹരികൾക്ക് ഇരയാകുന്നതായി കാണുന്നുണ്ട്. മാതൃത്വത്തിനും ദാന്പത്യത്തിനും മൂല്യച്യുതി സംഭവിച്ച മാതാക്കളുടെ പെണ്മക്കളിൽ പലരും തെറ്റായ വഴികളിലും പ്രണയച്ചതികളിലും പെട്ടുപോകുന്നുണ്ട്.
ദാന്പത്യത്തിലെ കെട്ടുറപ്പും ഭവനങ്ങളിലെ ആത്മീയ ബോധനവും കുടുംബം ഒന്നിച്ചുള്ള പ്രാർഥനയും തുറന്നുള്ള സംസാരവും കുട്ടികളുടെ പരിശീലനത്തിൽ ഏറെ പ്രധാനമാണ്. ഓണ്‍ലൈനിൽനിന്നു പഠനം ക്ലാസ് മുറികളിലേക്കു തിരിച്ചുവരുന്പോൾ സൈക്യാട്രിസ്റ്റുകളുടെയും കൗണ്‍സിലർമാരുടെയും ബോധവത്കരണ ക്ലാസുകൾ സ്കൂളുകളിൽ ക്രമീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
കുറിപ്പിന്റെ ആദ്യഭാഗത്ത് പരാമർശിച്ചിരിക്കുന്ന ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയുടെ കൈയിൽ അവൾ സ്നേഹിക്കുന്ന ക്വട്ടേഷൻ ഗുണ്ടയുടെ ചിത്രം പച്ചകുത്തിയ കാഴ്ചയും കാണേണ്ടിവന്നു.
കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടയെ ആരാധനയോടെ പ്രണയിച്ചു വിവാഹം ചെയ്യാൻ അവൾക്ക് എങ്ങനെ സാധിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. അവളുടെ അച്ഛനും അമ്മയും കാലങ്ങളായി വേർപിരിഞ്ഞുകഴിയുന്നതായും വല്യമ്മയുടെ സംരക്ഷണത്തിൽ ലഭിച്ച അമിതസ്വാതന്ത്രത്തിലാണ് അവൾ ഇങ്ങനെയൊരാളുടെ സംഘത്തിലെത്തിയതെന്നും തിരിച്ചറിഞ്ഞു.
പ്രണയവലയും ലഹരിവലയുമായി ഒട്ടേറെ സംഘങ്ങൾ കുഞ്ഞുങ്ങളുടേ മേൽ വല വിരിക്കുന്നുവെന്ന തിരിച്ചറിവ് രക്ഷിതാക്കളും അധ്യാപകരും മറന്നുകൂടാ.
പി.യു. തോമസ്, നവജീവൻ