ആനന്ദ് മഹീന്ദ്രയെവരെ ഞെട്ടിച്ച മൊബൈല്‍ കല്യാണ മണ്ഡപത്തിന്റെ കാഴ്ചകള്‍
Monday, September 26, 2022 10:25 AM IST
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ഒരാളാണല്ലൊ വ്യവസായി ആനന്ദ് മഹീന്ദ്ര. അടുത്തിടെ അദ്ദേഹം തന്നേവരെ ഞെട്ടിച്ച ഒരു കണ്ടുപിടുത്തത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഒരു മൊബെെല്‍ കല്യാണ മണ്ഡപത്തിന്റെ വിശേഷമായിരുന്നത്. മൊബൈല്‍ വാഷ്റൂമുകള്‍ മുതല്‍ ക്ലിനിക്കുകള്‍ വരെ ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമല്ലല്ലൊ. എന്നാല്‍ കല്യാണ മണ്ഡപം ആളുകളിലേക്ക് എത്തുകയെന്നത് വ്യത്യസ്തമായ ഒന്നുതന്നെയായിരിക്കും.
അദ്ദേഹം പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ ഒരു വലിയ കണ്ടയ്നര്‍ ലോറി വരുന്നതായി കാണാം. എന്നാല്‍ ലോറി തുറക്കുമ്പോഴാണ് അതിനുള്ളിലെ കാഴ്ചകള്‍ ആളുകളെ ഞെട്ടിക്കുക.
ജീവനക്കാര്‍ ലോറിയുടെ ഒരുവശം ഭിത്തിയായി മാറ്റുകയാണ്. നിമിഷനേരം കൊണ്ട് ലോറിയാകെ ഒരു മണ്ഡപമായി മാറ്റുകയാണവര്‍.
ഏകദേശം 40x30 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വിവാഹ മണ്ഡപത്തില്‍ 200 പേര്‍ക്ക് ഇരിക്കാനാകുമെന്ന് അവകാശപ്പെടുന്നു.
സ്റ്റൈലിഷ് ഇന്റീരിയറുകളോടെയുള്ള ചക്രങ്ങളിലെ വിവാഹ ഹാള്‍ ആളുകളുടെ ഹൃദയം കവര്‍ന്നു. വിവാഹ സീസണില്‍ മണ്ഡപം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ അധികം ചെലവില്ലാതെ ഈ മൊബൈല്‍ മണ്ഡപം ഉപയോഗിക്കാനാകും.
ഏതായാലും ഈ വേറിട്ട ആശയം നെറ്റീസണ്‍ ലോകത്തിനും നന്നേ ബോധിച്ചിരിക്കയാണ്. നിരവധിപേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തത്. രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.