വർഷത്തിൽ 281 ദിവസവും വെറുതേ ഇരിക്കും; ജീവിതം വളരെ വിരസമായി തോന്നുന്നുവെന്ന് കുറിപ്പ്
Saturday, May 10, 2025 10:18 AM IST
എല്ലാ ദിവസവും ഒരേ പോലെ അതുകൊണ്ട് ഒരു രസമില്ലെന്നു പറയുന്നവരാണ് നമ്മളിൽ പലരും. എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. എന്നാലേ ജീവിതം രസകരമാകൂ. പക്ഷേ, എങ്ങനെ വ്യത്യസ്തത കൊണ്ടു വരും. അതും ഒരു ടാസ്കാണല്ലേ. റെഡിറ്റിൽ ഒരാൾ ഇതു സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അതെന്തായാലും വൈറലായിരിക്കുകയാണ്.
പോസ്റ്റ് പങ്കുവെച്ച വ്യക്തി എല്ലാ മാസവും ഒരാഴ്ച മാത്രമാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഒരു വർഷം 66 ലക്ഷം രൂപയാണ് വരുമാനം. ഒരാഴ്ചത്തെ ജോലിക്കു ശേഷമുള്ള സമയം മഴുവൻ അദ്ദേഹം വെറുതേ കളയുകയാണ്.
ടിവി കാണും പോഡ്കാസ്റ്റുകൾ കേൾക്കും പിന്നെ കുറേ സമയം സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിച്ചുമൊക്കെയാണ് സമയം കളയുന്നത്. പക്ഷേ, തന്റെ ജീവിതം വളരെ വിരസമായിട്ടാണ് പോകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സന്പാദിക്കാനുള്ള നിലയിലേക്ക് അദ്ദേഹം തന്റെ കഴിവിനെ വളർത്തിയെടുത്തത്.
ഇത്രയും ദിനം ജോലിയില്ലാതിരിക്കുന്നത് ആദ്യകാലത്ത് വളരെ രസകരമായിരുന്നു. പക്ഷേ, പോക പോകെ അദ്ദേഹം ഇതൊക്കെ മടുത്തു. ഈ സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും ഒരു ഏകാന്തതയുടെ തടവറയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന പോലെയാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
കഠിനാധ്വാനം ചെയ്തിരുന്ന കാലത്ത് സ്വന്തം ഇഷ്ടങ്ങൾക്കായി സമയംകണ്ടെത്താൻ പാടുപെടുമായിരുന്നു.പക്ഷേ, ഇപ്പോൾ സമയം ചെലവഴിക്കാൻ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.
കുറിപ്പ് വൈറലായതോടെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. 'ഞാൻ ആഗ്രഹിക്കുന്ന ജീവിതമാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്' എന്നാണ് കൂടുതൽ പേരുടെയും കമന്റ്. കിട്ടുന്ന അവസരം നന്നായി ആസ്വദിക്കണമെന്നും ജീവിതം മനോഹരമാക്കണമെന്നും ചിലരൊക്കെ അഭിപ്രായപ്പെടുന്നുണ്ട്.