യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സിന്നിയ്യ ദ്വീപിൽ പേർഷ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 30 ഓളം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന നിലയിലാണു പട്ടണം. ആറാം നൂറ്റാണ്ടിന്‍റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തിനും ഇടയില്‍ ഈ പട്ടണം ഏറെ സജീവമായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു.

പുരാതന പട്ടണം കണ്ടെത്തിയ സിന്നിയ്യ ദ്വീപ്, യുഎഇയിലെ അൽ-ഖുവൈൻ എമിറേറ്റിന് കിഴക്കായിട്ടാണ്. ആയിരക്കണക്കിന് ആളുകള്‍ ഈ പട്ടണത്തിൽ താമസിച്ചിരിക്കാമെന്നാണു കരുതുന്നത്. അവരിൽ പലരും മുത്ത് വ്യവസായത്തെയാകാം ആശ്രയിച്ചിരുന്നതെന്നും വീടുകളുടെ മേല്‍കൂരയ്ക്കായി ഈന്തപ്പന ഉപയോഗിച്ചിരിക്കാമെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്.


ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഗരവൽകരിക്കപ്പെട്ട വാസസ്ഥലങ്ങളിൽ ഒന്നാണ് ഈ പട്ടണമെന്ന് കരുതപ്പെടുന്നതായി ഉമ്മുൽ-ഖുവൈൻ ടൂറിസം ആൻഡ് ആർക്കിയോളജി വകുപ്പ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യൻ ആശ്രമത്തിനു സമീപമാണ് പട്ടണം കണ്ടെത്തിയത്. അതിനാല്‍ നഗരത്തിലെ താമസക്കാർ ക്രിസ്ത്യാനികളായിരിക്കാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ ഏഴാം നൂറ്റാണ്ടോടു കൂടിയാണ് ഇസ്‌ലാം മതം ശക്തിപ്രാപിക്കുന്നത്.