ചീറ്റകൾ വന്നു; വനവാസികൾ ഔട്ട്
റെജി ജോസഫ്
Friday, December 30, 2022 3:37 PM IST
ചീറ്റകളാണോ വനവാസികളോ സര്‍ക്കാരിന് വിലപ്പെട്ടവര്‍. ചീറ്റകളെ വനത്തിനുള്ളില്‍ തുറന്നുവിട്ടപ്പോള്‍ വനത്തിനുള്ളില്‍ കാലങ്ങളായി പാര്‍ക്കുകയും വനവിഭവങ്ങളാല്‍ ഉപജീവനം കണ്ടെത്തുകയും ചെയ്തിരുന്ന ആദിവാസികള്‍ പുറത്തായി.
ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് വിമാനത്തിലെത്തിച്ച് മധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തില്‍ എട്ടു ചീറ്റകളെ തുറന്നു വിട്ടതോടെ ബാഗ്ച ഗ്രാമത്തിലെ 556 ഗ്രാമീണരുടെ ജീവിതമാണ് അന്യാധീനപ്പെടുന്നത്.
ഇന്ത്യയില്‍ ചീറ്റകള്‍ക്ക് എഴുപതു വര്‍ഷം മുന്‍പ് സംഭവിച്ച വംശനാശം പരിഹരിക്കാനാണ് അഞ്ച് ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ എട്ടു ചീറ്റകളെ മധ്യപ്രദേശിലെ കൂനോ ഉദ്യാനത്തില്‍ തുറന്നുവിട്ടത്.
ചീറ്റകളുടെ സ്വൈര്യവിഹാരം നഷ്ടമാവാകാതെ അവ പെറ്റുപെരുകണം എന്ന തീരുമാനത്തിലാണ് വംശനാശം നേരിടുന്ന സഹരിയ ഗോത്രവാസികള്‍ കാടൊഴിയേണ്ടിവന്നത്. കാടുമായി ഇഴചേര്‍ന്ന് ജീവിക്കുന്ന ഗോത്രവാസികളുടെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുകയാണ് ഈ നാടുകടത്തല്‍.
മധ്യപ്രദേശിലെ ശിവ്പുര്‍ ജില്ലയുടെ പടിഞ്ഞാറേയറ്റത്തുള്ള വിജയ്പുര്‍ ബ്ലോക്കില്‍പ്പെട്ട ബാഗ്ച ഗ്രാമം സഹരിയ ആദിവാസികളുടേതാണ്. അതീവ ദുര്‍ബല ഗോത്ര വിഭാഗമായ ഇവര്‍ക്കിടയിലെ സാക്ഷരത 42 ശതമാനം മാത്രം.

മണ്ണും ഇഷ്ടികയുംകൊണ്ട് നിര്‍മിച്ച ചെറിയ വീടുകള്‍. ഇതിനു ചുറ്റുമായുള്ള വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന കൂനോ നദിയെ ആശ്രയിച്ച് കൃഷി കൃഷിയിറക്കിയും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് സഹരിയകള്‍ ഉപജീവനം കണ്ടെത്തുന്നത്.
"ഞങ്ങളുടെ ഭൂമി ഇവിടെയാണ്. ഞങ്ങളുടെ കാടും നാടും ഇവിടെയാണ്. ചീറ്റകളെ എത്തിച്ചതിന്റെ പേരില്‍ ഇവിടെനിന്നു പുറത്താകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു'- ഗോത്രവാസിയായ ശിവ പറയുന്നു. ചീറ്റയെ ഇറക്കിവിട്ടതില് ആര്‍ക്ക്, എന്താണ് ഗുണം എന്ന ശിവയുടെ ചോദ്യത്തിന് അധികാരികള്‍ക്കും ഉചിതമായ ഉത്തരമില്ല.
കാര്ദായി, ഖൈര്‍, സലായ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലൂടെ പന്ത്രണ്ട് കിലോമീറ്ററുകള്‍ കടന്നുവേണം ബാഗ്ച ഗ്രാമത്തിലെത്താന്‍. ഇവിടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ളത് ഒരു പ്രാഥമിക വിദ്യാലയം മാത്രം. അഞ്ചാം ക്ലാസിനു മുകളില്‍ പഠിക്കാന്‍ 25 കിലോമീറ്റര്‍ അകലെ ഓച്ചയിലുള്ള സ്കൂളിലെത്തണം.
ചെറിയ കൃഷിയിടങ്ങളില്‍ മഴയെ ആശ്രയിച്ച് കൃഷിയിറക്കിയും തടിയേതര വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റുമാണ് സഹരിയകള്‍ ജീവിച്ചിരുന്നത്. ചീര് മരങ്ങളില്‍നിന്ന് ശേഖരിക്കുന്ന മരപ്പശയാണ് ഇവര്‍ക്ക് വരുമാനത്തിന്റെ നല്ലൊരു പങ്കും നേടിക്കൊടുക്കുന്നത്. പലതരം മരപ്പശകള്‍, ഇലകള്‍, ഫലങ്ങള്‍, വേരുകള്‍, മരുന്നുചെടികള്‍ എന്നിവയും വരുമാനമായിരുന്നു.
748 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കൂനോ ദേശീയോദ്യാനം 1,235 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള കൂനോ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ ഭാഗമാണ്. ബജ്റ, മണിച്ചോളം, മക്ക, ഉഴുന്ന് പരിപ്പ്, പച്ചക്കറി വിളകളും ഇവര്‍ കൃഷി ചെയ്തിരുന്നു.

35 കിലോമീറ്റര്‍ അകലെ ബമുഫറ് ഗ്രാമത്തിലാണ് പകരം ഇവര്‍ക്ക് ഇടം കൊടുത്തിരിക്കുന്നത്. ഇതോടെ വനത്തിലേക്ക് പ്രവേശിക്കാനോ ഉപജീവനത്തിനായി വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കാനോ വഴിയില്ലാതാവുകയാണ്.
വനത്തില്‍നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവരെന്ന് അധികാരികള്‍ കണക്കാക്കി നല്കിയ പട്ടികയില്‍ 178 പേരെയുള്ളു. ശേഷിക്കുന്ന 265 കുടുംബങ്ങള്‍ക്ക് നയാ പൈസ നഷ്ടപരിഹാരമില്ല.
തങ്ങള്‍ ഇവിടെനിന്ന് പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നില്ലെന്നും സ്വന്തം തീരുമാനത്തിലാണ് വാസം ഒഴിയുന്നതെന്നും എഴുതിയ രേഖയില്‍ ഒപ്പിടാന്‍ ഗ്രാമീണരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല.
മുന്‍പ് സിംഹങ്ങളെ സമാനമായരീതിയില്‍ എത്തിക്കാന്‍ നീക്കം നടത്തിയപ്പോഴും കൂനോ കാടുകളിലെ ആദിവാസികള്‍ വഞ്ചിതരായവരാണ്. 1999-ല്‍ ഗുജറാത്തില്‍നിന്നു കൊണ്ടുവരാനിരുന്ന സിംഹങ്ങള്‍ക്ക് ഇടമൊരുക്കാനായി 28 ഗ്രാമങ്ങളിലെ ഏകദേശം 1650 കുടുംബങ്ങളെയാണ് വീടുകളില്‍നിന്ന് കുടിയിറക്കിയത്.
അന്നും നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. കുടിയിറക്കപ്പെട്ടവര്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള ബാക്കി തുകയ്ക്കായി ഇരുപത്തിരണ്ടു വര്‍ഷമായി സര്‍ക്കാരിന്റെ പിന്നാലെ നടക്കുകയാണ്. എല്ലാറ്റിനുമൊടുവില്‍ സിംഹങ്ങളെ കൊണ്ടുവന്നില്ലെന്നത് മറ്റൊരു യാഥാർഥ്യം.