960-ാമത്തെ ശ്രമത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ചാ സാ-സൂണിന്റെ കഥ
Tuesday, March 28, 2023 4:19 PM IST
നിരത്തിലിപ്പോള് നിറയെ വാഹനങ്ങളെ കാണാം. പല നിറത്തില്‍ പല വലിപ്പത്തില്‍ അവ ചീറിപ്പായുകയാണ്. എന്നാല്‍ 18 വയസും ഡ്രൈവിംഗ് ലൈസന്‍സും സാധാരണയായി വാഹനമോടിക്കാന്‍ ആവശ്യമാണ്.
എന്നാല്‍ പലരും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പാടുപെടാറുണ്ട്. പല രാജ്യങ്ങളിലും ഇത്തരം ടെസ്റ്റുകള്‍ വളരെ കര്‍ശനമായിരിക്കും. ഇപ്പോഴിതാ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ 960 ശ്രമങ്ങള്‍ വേണ്ടിവന്ന ഒരു സ്ത്രീയുടെ കഥയാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്.
ചാ സാ-സൂണ്‍ എന്ന കൊറിയന്‍ സ്ത്രീയാണ് ഇത്തരമൊരു കാര്യം ചെയ്തത്. 2005 ഏപ്രിലില്‍ ആയിരുന്നു അവര്‍ ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റിന്റെ എഴുത്ത് പരീക്ഷയ്ക്കായി ശ്രമിച്ചത്. ആദ്യ പരാജയം ഉണ്ടായശേഷം അവര്‍ എല്ലാ ദിവസവും അതായത് ആഴ്ചയില്‍ അഞ്ചുദിവസം എന്ന മുറയ്ക്ക് ഈ പരീക്ഷ എഴുതിയിരുന്നു.
അത്തരത്തില്‍ മൂന്നുവര്‍ഷമാണ് ഇത്തരത്തില്‍ ശ്രമിച്ചത്. പിന്നീട് അവര്‍ പരീക്ഷ ജയിക്കാനുള്ള തന്റെ ശ്രമം ആഴ്ചയില്‍ രണ്ടുതവണയാക്കി കുറച്ചു. ഒടുവില്‍ 860 തവണ ശ്രമിച്ച ശേഷം അവര്‍ ഈ പരീക്ഷ പാസായി.
എഴുത്ത് പരീക്ഷ പാസായശേഷം അടുത്ത കടമ്പ പ്രാക്ടിക്കല്‍ ആയിരുന്നു. ഇതിനും അവര്‍ പല അവസരങ്ങള്‍ എടുത്തു. ഒടുവില്‍ 2010ല്‍ ചാ സാ-സൂണ്‍ ഇതും പാസായി. 2010ല്‍ തന്റെ 69-ാമത്തെ വയസിലാണ് ചാ സാ-സൂണ്‍ ലൈസന്‍സ് കരസ്ഥമാക്കുന്നത്. ഇതിനായി 960 തവണയാണ് ഇവര്‍ എടുത്തത്.
ഈ ടെസ്റ്റുകളില്‍ വിജയിക്കാനായി അവര്‍ക്ക് 11,000 പൗണ്ട് (11,15,273 രൂപ) ചെലവഴിക്കേണ്ടി വന്നു. ഈ സംഭവം വൈറലായി മാറി. വാര്‍ത്താ മാധ്യമങ്ങളും അക്കാലത്ത് ഇത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് അവര്‍ക്ക് ഒരു പുതിയ വാഹനം സമ്മാനിക്കുകയുമുണ്ടായി. അവിശ്വസീനിയമായ ഈ നേട്ടം വര്‍ഷങ്ങള്‍ക്കിപ്പുറം നെറ്റിസണ് ചര്‍ച്ചയാക്കുകയാണ്. "പരിശ്രമികള്‍ എല്ലാകാലത്തും ഇന്സ്പിരേഷന് തന്നെയാണ്' എന്നാണൊരാള്‍ കുറിച്ചത്.