"ഷൂവിന് മറുപടി കുപ്പി'; ഡല്‍ഹി മെട്രോയില്‍ രണ്ട് സ്ത്രീകള്‍ പോരടിച്ചപ്പോള്‍
Tuesday, June 6, 2023 10:52 AM IST
വലിയ നഗരങ്ങളിലുള്ളവര്‍ ദിനംപ്രതി യാത്രകള്‍ക്കായി ഏറ്റവും ആശ്രയിക്കാറുള്ള ഒന്നാണ് മെട്രോ ട്രെയിനുകള്‍. റോഡിലെ തിരക്ക് ഒഴിവാക്കാനും കൃത്യസമയത്ത് ആളുകള്‍ക്ക് എത്താനും ഈ യാത്രാ സംവിധാനം സഹായിക്കും.
എന്നാല്‍ പലപ്പോഴും ആളുകള്‍ ഇത്തരം പൊതുഗതാഗത മാര്‍ഗങ്ങളില്‍ മര്യാദ പാലിക്കാറില്ല. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി സംഭവങ്ങള്‍ നമുക്ക് മുന്പില് എത്താറുണ്ട്.
ഇപ്പോഴിതാ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയും പറയുന്നത് ഇതുപോലൊരു സംഭവമാണ്. വീഡിയോയില്‍ ഡല്‍ഹി മെട്രോ ട്രെയിനില്‍ രണ്ടു യുവതികള്‍ പരസ്പരം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുന്നതാണുള്ളത്.
കൂപ്പയില്‍ നിരവധി സ്ത്രീകള്‍ ഇരിക്കുമ്പോഴാണ് ഇവര്‍ തമ്മില്‍ വഴക്കിടുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ ഒരു യുവതി തന്റെ കാലിലെ ചെരുപ്പൂരി മറ്റേ യുവതിക്ക് അടുത്തേക്ക് എത്തുകയാണ്. ഈ സമയം ആ യുവതി കെെയില്‍ ഒരു കുപ്പിയുമായി എത്തുകയാണ്.
ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കാണാം. ഇവര്‍ കൈയാങ്കളിയില്‍ എത്തുമെന്ന് കാഴ്ചക്കാര്‍ വിചാരിക്കുന്നിടത്ത് മറ്റ് യാത്രക്കാര്‍ ഇടപെടുന്നതായി കാണാം. അവര്‍ ഇരുവരേയും പിന്തിരിപ്പിക്കുകയാണ്.
എന്നിരുന്നാലും ഒടുവില്‍ യുവതികളില്‍ രണ്ടാമത്തെയാള്‍ മറ്റേയാളിന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ചില യാത്രക്കാര്‍ അവിടുന്ന് മാറുകയും ചെയ്യുന്നുണ്ട്.
ഈ ദൃശ്യങ്ങളെല്ലാം സഹയാത്രികരിലൊരാള്‍ പകര്‍ത്തുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ എത്തപ്പെട്ട ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "മര്യാദ എന്നത് വലിയ അര്‍ഥങ്ങളുള്ള വാക്കണ്; പ്രത്യേകിച്ച് പൊതു ഇടങ്ങളില്‍ അതിന് വലിയ പ്രാധാന്യമുണ്ട്' എന്നാണൊരാള്‍ കുറിച്ചത്.