പിറന്നാള്‍ സമ്മാനമായി ആഢംബര "ഡോഗ് ഹൗസ്'; സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം
Tuesday, June 6, 2023 3:06 PM IST
പലയാളുകളും മൃഗങ്ങളെ ഓമനകളായി വീടുകളില്‍ വളര്ത്താറുണ്ടല്ലൊ. ഒട്ടുമിക്കവരും വളര്‍ത്താറുള്ളത് നായകളെ ആയിരിക്കും. അവയാണ് മനുഷ്യരുമായി ഏറ്റം ഇണങ്ങുന്നത്. നായകള്‍ ഏറെ സ്നേഹം പ്രകടിപ്പിക്കുകയും നമ്മുടെ ഹൃദയം കവരുകയും ചെയ്യും എന്നതില്‍ സംശയം തീരെ വേണ്ട.
അടുത്തിടെ ഒരാള്‍ തന്റെ നായയുടെ പിറന്നാളിനൊരുക്കിയ സമ്മാനമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍. കാരണം ഇദ്ദേഹം 16.4 ലക്ഷം രൂപ മുടക്കി ഒരു വീടാണ് തന്റെ നായയ്ക്കായി ഒരുക്കിയത്.
ബ്രെന്റ് റിവേര എന്നായാളാണ് തന്റെ പ്രിയപ്പെട്ട നായയ്ക്കായി ഇത്തരമൊരു കാര്യം ചെയ്തത്. ഈ വീട്ടില്‍ ടിവിയടക്കമുള്ള സൗകര്യങ്ങള്‍ നായയ്ക്കായി ഇദ്ദേഹം ഒരുക്കി. റിവേര നായയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ എത്തുകയുമുണ്ടായി.
തനിക്ക് മുന്‍പൊരു നായ ഉണ്ടായിരുന്നതായും അത് വിട്ടുപോയശേഷമാണ് ചാര്‍ലി എന്ന ഈ നായ ഒപ്പമെത്തിയതെന്നും റിവേര പറയുന്നു.
ഏതായാലും ഈ വീട് ആളുകളെ ആകെ അമ്പരപ്പിച്ചു. നിരവധി കമന്റുകളും ലഭിച്ചു. ചിലര്‍ ഇത് അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. വേറെ ചിലര്‍ അനുകൂലിക്കുകയുംചെയ്തു. "അയാള്‍ ആ നായ വീട് പണിതു എന്നത് ഭ്രാന്താണ്!' എന്നാണൊരാള്‍ കുറിച്ചത്. "എന്റെ ഹൃദയത്തെ വല്ലാതെ അലിയിച്ചു' എന്നാണ് അനുകൂലിക്കുന്ന ഒരാള്‍ പറഞ്ഞത്.