"ഇത് ലജ്ജാകരം'; മുംബൈയില്‍ ലൈവ് സ്ട്രീമിംഗിനിടയില്‍ ദക്ഷിണ കൊറിയന്‍ യുവതിയോട് അപമര്യാദയായി പെരുമാറി യുവാക്കള്‍
Thursday, December 1, 2022 11:25 AM IST
ഒരു നാടിന്‍റെ യശസ് മറുനാട്ടില്‍ ഉയരുന്നത് അന്നാട്ടുകാര്‍ സന്ദര്‍ശകരോട് കാണിക്കുന്ന സ്നേഹവും മര്യാദയും നിമിത്തമാണ്. അതിഥി ദേവോ ഭവഃ എന്നൊരു പറച്ചില്‍തന്നെ നമുക്കിടയിലുണ്ടല്ലൊ.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടുത്തിടെയായി നമുക്കിടയില്‍ സന്ദര്‍ശകര്‍ക്ക് അത്ര നല്ല അനുഭവമല്ല ലഭിക്കുന്നത്. എല്ലാവരും മോശമായി പെരുമാറുന്നു എന്നല്ല. പക്ഷെ പ്രവര്‍ത്തി ആരുടെ ആയാലും അത് ബാധിക്കുക മൊത്തം സമൂഹത്തെയാണല്ലൊ.
അടുത്തിടെ മുംബൈയിൽ ലൈവ് സ്ട്രീമിംഗിനിടയില്‍ യൂട്യൂബറായ ദക്ഷിണ കൊറിയന്‍ യുവതിയോട് രണ്ടുയുവാക്കള്‍ അപമര്യാദയായി പെരുമാറി. ചൊവ്വാഴ്ച രാത്രി എട്ടിന് മുംബൈയിലെ സബര്‍ബന്‍ ഖാര്‍ പ്രദേശത്താണ് സംഭവം.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള 24 കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. യുവതി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടയില്‍ എത്തിയ ഒരു യുവാവ് മോശമായി പെരുമാറുകയായിരുന്നു. തന്‍റെ കൂടെ വരാന്‍ യുവതിയെ നിര്‍ബന്ധിച്ച ഇയാള്‍ യുവതിയുടെ കൈയില്‍ കടന്നുപിടിച്ചു. പെൺകുട്ടിയെ ബലമായി ചുംബിക്കുകയും ചെയ്തു.
യൂട്യൂബര്‍ തന്ത്രപരമായി അവിടെ നിന്ന് മാറിയെങ്കിലും മറ്റൊരു സുഹൃത്തുമായി ബെെക്കില്‍ എത്തിയ യുവാവ് യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്ന്. ആയിരത്തിലധികം ആളുകള്‍ കണ്ടുകൊണ്ടിരിക്കെയാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയത്.
സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതികളെ മുംബൈ പോലീസ് കണ്ടെത്തി. മൊബീന്‍ ചന്ദ് മുഹമ്മദ് ഷെയ്ഖ്(19), മുഹമ്മദ് നഖീബ് സദ്രെലം അന്‍സാരി (20)എന്നിവരാണ് അറസ്ററിലായത്.