ലുങ്കി ഉടുത്തുവന്നാൽ പ്രവേശനമില്ല; റസ്റ്ററന്റിനു മുന്നിൽ ലുങ്കിസമരം
Thursday, July 18, 2019 1:36 PM IST
‘ലുങ്കി അത്ര ഭീകരവസ്ത്രമാണോ’’ ... ‘സ്റ്റാർ ഹോട്ടലുകളില്‍ കയറുന്നതിന് ലുങ്കിയുടുക്കുന്നത് തടസമാണോ’ - സമരങ്ങള്‍ ഒരുപാടു കണ്ട കോഴിക്കോട് നഗരത്തില്‍ ഇന്നലെ മുഴങ്ങിക്കേട്ടത് പുതു മുദ്രാവാക്യങ്ങള്‍.
കോഴിക്കോടുള്ള ഒരു ഹോട്ടലിന്റെ ഫാമിലി റസ്റ്ററന്റിൽ കഴിഞ്ഞ ദിവസം രാത്രി ലുങ്കിയുടുത്ത് എത്തിയവരെ കയറ്റിയില്ലെന്നാരോപിച്ചാണ് കോഴിക്കോട് കൂട്ടായ്മയുടെ നേതൃത്വത്തിൽ റസ്റ്ററന്റിനു മുന്നിലേക്ക് ലുങ്കിസമരം നടത്തിയത്. ആര്‍ട്ട് ഗാലറിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് റസ്റ്ററന്റിനു മുന്നിൽ സമാപിച്ചു.
ലുങ്കിയുടുക്കുന്നവരെ രണ്ടാംതരക്കാരായി കാണരുത്. ലുങ്കി അധ്വാനിക്കുന്നവരുടെ അടയാളമാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയാണ് പത്തോളം പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. തുടര്‍ന്ന് റസ്റ്ററന്റ് കോംപൗണ്ടിനു മുന്നിലെ മതിലില്‍ ലുങ്കി വിരിച്ചും പ്രതിഷേധിച്ചു.
ഗേറ്റുകള്‍ അടച്ചിട്ടതിനാല്‍ പുറത്തുനിന്നാണ് സമരം നടത്തിയത്. എന്നാൽ ഫാമിലി റസ്റ്ററന്റിൽ ലുങ്കി ധരിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് വളരെക്കാലം മുന്‍പ് എടുത്ത തീരുമാനമാണെന്ന് റസ്റ്ററന്റ് മാനേജര്‍ അറിയിച്ചു.