മെട്രോ ട്രെയിനിൽ യുവതിയുടെ സാഹസച്ചാട്ടം! അൽപം കൂടിപ്പോയില്ലേ എന്ന് നെറ്റിസൺസ്
വെബ് ഡെസ്ക്
പൊതു​ഗതാ​ഗത സംവിധാനം എന്നത് യാത്ര ചെയ്യാനുള്ളതാണ്. ഇക്കാര്യത്തിൽ പ്രത്യേകിച്ച് ആർക്കും ക്ലാസെടുക്കേണ്ട കാര്യമില്ല. ബസായാലും ട്രെയിനായാലും അതിൽ പാലിക്കേണ്ട സാമാന്യ മര്യാദ നമുക്ക് ബോധ്യമുളളതാണ്.

ഇതിനു പുറമേ "ചില്ലറ വേണം', "കൈയ്യും തലയും പുറത്തിടാൻ പാടില്ല', "സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമൊക്ക പ്രത്യേകം വേർതിരിക്കപ്പെട്ട സീറ്റിൽ അനർഹർ ഇരിക്കരുത്' തുടങ്ങിയ നിർദ്ദേശങ്ങളൊക്കെ ഇത്തരം വാഹനങ്ങളിൽ എഴുതി വെച്ചിരിക്കും.

ഏറ്റവും പുതിയ പൊതു ​ഗതാ​ഗത സംവിധാനമായ മെട്രോ ട്രെയിനുകളിലും ഇവയിൽ ചിലത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമേയാണ് മെട്രോയിൽ വീഡിയോ ഷൂട്ടിം​ഗ് പാടില്ല എന്ന നിർദ്ദേശവുമുള്ളത്.

ഇത് കാറ്റിൽ പറത്തി വീഡിയോ ഷൂട്ട് ചെയ്ത ഒരു യുവതി ഇൻസ്റ്റ​ഗ്രാമിൽ വൈറലായിരിക്കുകയാണ്. കൈകൾ തറയിൽ കുത്തി കറങ്ങി ചാടുന്ന സമ്മർസാൾട്ട് അഭ്യാസമാണ് ഈ യുവതി മെട്രോയിൽ കാട്ടി‌യത്. ചുറ്റും ഇരുന്നവർ ഇത് കണ്ട് അമ്പരക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ബം​ഗളൂരു മെട്രോയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. മിഷാ ഓഫീഷ്യൽ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മിഷാ ശർമ്മ ഒരു അത്‌ലറ്റ് കൂടിയാണെന്നും ഇന്‍സ്റ്റഗ്രാം പേജിലുണ്ട്. വീഡിയോയിൽ യുവതിയുടെ അഭ്യാസത്തിന് അഭിനന്ദനം ലഭിച്ചെങ്കിലും ഇത് മെട്രോയിലല്ല ചെയ്യേണ്ടതെന്നടക്കമുള്ള കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു.

"നിങ്ങൾ മികച്ച മെയ്‌വഴക്കമുള്ള ആളാണ് അത് രാജ്യത്തിന്‍റെ കായിക മേഖലയ്ക്കായി വിനിയോ​ഗിക്കൂ' എന്നായിരുന്നു നെറ്റിസൺസിലൊരാൾ കമന്‍റ് ചെയ്തത്. ജൂൺ അവസാന വാരമാണ് വീഡിയോ വന്നതെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദൃശ്യങ്ങൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

വീഡിയോയ്ക്ക് ഇതിനോടകം 5.2 ലക്ഷം വ്യൂസും 45,000ൽ അധികം ലൈക്കുകളും ലഭിച്ചു. വൈറലാകാൻ വേണ്ടി പൊതു​ഗതാ​ഗത സംവിധാനങ്ങളിൽ ഇത്തരം അഭ്യാസം കാട്ടരുതെന്നും നിരവധി പേർ കമന്‍റുകളിലൂടെ അഭ്യർത്ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.