മാറനല്ലൂർ : കേരള സർവകലാശാല ബിരുദ പരീക്ഷയിൽ റാങ്ക് നേട്ടവുമായി ക്രൈസ്റ്റ് നഗർ കോളജ്. ജേർണലിസം, ഫിസിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ടാക്സ് എന്നീ വിഷയങ്ങളിൽ ഒന്നാം റാങ്കും ബികോം കംപ്യട്ടർ ആപ്ലിക്കേഷൻ, ബിഎസ്്സി സൈക്കോളജി, ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, ബിബി എ, എന്നിവയിൽ രണ്ടാം റാങ്കും ജേർണലിസം, ഫിസിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലെ മൂന്നാം റാങ്കും ക്രൈസ്റ്റ് നഗർ കോളജിലെ വിദ്യാർഥികൾ കരസ്ഥമാക്കി.
ഐശ്വര്യ അനിൽ( ജേർണലിസം), നന്ദന എം.മോഹൻ ( ഫിസിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ) വി.എസ്.ആതിര ( ബികോം ടാക്സ്) എന്നിവർ ഒന്നാം റാങ്കിന് അർഹരായി. കൃഷ്ണ വിനോദ് ( ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ), ദേവിനന്ദന പ്രശാന്ത് കുമാർ ( സൈക്കോളജി), അഭിഷേക് റോയ് (ബി. ബി. എ), ആതിര ജെ. കുമാർ( സ്റ്റാറ്റിസ്റ്റിക്സ്) എന്നിവർ രണ്ടാം റാങ്കും, എം ആർ വൈശാഖി കൃഷ്ണൻ ( ജേണലിസം), റിയ മേരി സക്കറിയ ( ഫിസിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവർ മൂന്നാം റാങ്കിനും അർഹരായി .അതോടൊപ്പം തന്നെ വിവിധ വിഷയങ്ങളിൽ മുപ്പത് വിദ്യാർഥികൾ ആദ്യ പത്ത് റാങ്കുകളിൽ ഇടം നേടി.
കോളജിന്റെ ഉന്നത നിലവാരം പുലർത്തുന്ന ഭൗതിക സാഹചര്യങ്ങളും, മികച്ച പരിചയസമ്പന്നരായ അധ്യാപകരും, വിദ്യാർഥികളുടെ സ്ഥിരോൽസാഹവും അച്ചടക്കവുമാണ് ഇത്രയും തിളക്കമാർന്ന വിജയത്തിലേക്ക് നയിച്ചതെന്ന് കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐയും പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബും പറഞ്ഞു.