മുംബൈ: വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്സി ബാങ്കിനെ മറികടന്ന് ഭാരതി എയർടെൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കന്പനിയായി.
ബിഎസ്ഇയിൽ എയർടെൽ ഓഹരികൾ രണ്ടു ശതമാനത്തിലധികം ഉയർന്ന് 1943 രൂപയിലെത്തി. ഇതോടെ കന്പനിയുടെ വിപണി മൂലധനം ഏകദേശം 11.8 ലക്ഷം കോടിയായി വർധിച്ചു. ഇതിനു വിപരീതമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില രണ്ടു ശതമാനം താഴുകയും കന്പനിയുടെ വിപണിമൂല്യം ഏകദേശം 11.7 ലക്ഷം കോടി രൂപയായി താഴുകയും ചെയ്തു.
18 ലക്ഷം കോടിയോളം വിപണി മൂല്യമുള്ള മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കന്പനി.
എയർടെല്ലിന്റെ നേട്ടം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എയർടെൽ ഓഹരികൾ 10 ശതമാനം ഉയർന്നപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ ഒരു ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ എയർടെൽ ഓഹരികൾ 270 ശതമാനം കുതിച്ചുയർന്നപ്പോൾ എച്ചഡിഎഫ്സി ബാങ്ക് വെറും 49 ശതമാനം റിട്ടേണ്‍ മാത്രമാണ് നല്‍കിയത്.
ലയനമുണ്ടാക്കിയ ആഘാതങ്ങൾ, പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള മത്സരം, പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തിയുടെ രാജിയെ ചൊല്ലിയുള്ള സമീപകാല വിവാദങ്ങൾ എന്നീ കാരണങ്ങൾ സമീപകാലത്ത് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മേധാവിത്വത്തെ ബാധിച്ചു.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ് ബജാജ് ഫിനാൻസ്, എൽ&ടി, എച്ച് യുഎൽ, എൽഐസി എന്നിവയാണ് വിപണി മൂലധനത്തിൽ ആദ്യ പത്തിലുള്ള മറ്റ് കന്പനികൾ.