കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നടപ്പ് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിലെ മൊത്തം വരുമാനം 1197 കോടിയായി വർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്തു ശതമാനത്തിന്റെ വർധനയുമാണ് ഉണ്ടായിരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തനലാഭവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി. നോൺ-കൺട്രോളിംഗ് ഇന്ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.
പ്രവർത്തനമികവിലും സേവനത്തിലും ആസ്റ്റർ പുലർത്തുന്ന അചഞ്ചലമായ സൂക്ഷ്മതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സാമ്പത്തികഫലമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം മൊത്തത്തിലുള്ള പ്രവർത്തനങ്ങളുടെ വരുമാനത്തിലും പ്രവർത്തനലാഭത്തിലും രണ്ടക്ക വാർഷിക വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.