കൊച്ചി: സംസ്ഥാനത്തിന്റെ ജിഡിപിയിലും റവന്യു വരുമാനത്തിലും വലിയ പങ്ക് വഹിക്കുന്ന ടൂറിസം മേഖലയ്ക്ക് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാർ പ്രാധാന്യം നൽകണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം).
ഭൂമി തരംമാറ്റുന്നതിനുള്ള നടപടികളിലെ ലഘൂകരണം, നിലവാരമുള്ള പൊതു ശുചിമുറികൾ, അടിസ്ഥാനസൗകര്യവികസനത്തിനു മാത്രമായി സംസ്ഥാനതല ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്നും കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് ആവശ്യപ്പെട്ടു.
ഹോട്ടലുകൾക്കുപുറമെ ടാക്സി, ഓട്ടോറിക്ഷ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും ഗുണകരമാകുന്നതും സർക്കാരിന് വലിയൊരു നികുതിവരുമാനം നൽകുന്നതുമാണ് ടൂറിസം മേഖല.
അടിസ്ഥാനസൗകര്യവികസനത്തിൽ റോഡുകൾ മെച്ചപ്പെടുന്നുണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേയും വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം വലിയൊരു പ്രശ്നമാണ്.
ടൂറിസ്റ്റുകൾ ഇപ്പോഴും ഇതിനായി ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ പൊതു, സ്വകാര്യ പങ്കാളിത്തം (പിപിപി) വഴി പെട്രോൾ പമ്പുകളോടു ചേർന്ന് സൂപ്പർമാർക്കറ്റുകളും നല്ല ശൗചാലയങ്ങളും നിർമിക്കാൻ സർക്കാർ മുൻകൈയെടുക്കണം- കെടിഎം ആവശ്യപ്പെട്ടു.
Tags : KTM tourism sector priority