ചെന്നൈ: ടിവിഎസ് ഗ്രൂപ്പിലെ സ്വത്തുക്കൾ ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട കുടുംബ തർക്കം ഒൗദ്യോഗിക തലത്തിലേക്ക് കടന്നിരിക്കുന്നു. ടിവിഎസ് ഹോൾഡിംഗ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണു, പിതാവിന്റെ കുടുംബശാഖയുടെ ഉടമസ്ഥതയിലുള്ള കൂട്ടുകുടുംബ സ്വത്തുക്കൾ നിയമപരമായി വീതം വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
പിതാവിന് അയച്ച നോട്ടീസിൽ, കുടുംബനാഥൻ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും സ്വത്തുക്കൾ നീതിപൂർവവും നിയമപരവുമായി വീതംവയ്ക്കുന്നത് ഉറപ്പാക്കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു. 2005ൽ ഭേദഗതി ചെയ്ത 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം കുടുംബസ്വത്തിൽ തനിക്ക് തുല്യ അവകാശമുണ്ടെന്ന് അവർ വാദിക്കുന്നു. നിയമത്തിലെ സെക്ഷൻ 6 ഉദ്ധരിച്ചുകൊണ്ട്, പിതൃസ്വത്തിൽ പെണ്മക്കൾക്കും ആണ്മക്കൾക്കുള്ള അതേ അവകാശങ്ങളുണ്ടെന്നും സ്വത്ത് ഭാഗം വയ്ക്കാൻ സ്വതന്ത്രമായി ആവശ്യപ്പെടാമെന്നും അവർ വ്യക്തമാക്കി.
വിഎസ് ട്രസ്റ്റ്, മറ്റ് ഹോൾഡിംഗ് സ്ഥാപനങ്ങൾ എന്നിവയിലൂടെ കൈവശം വച്ചിരിക്കുന്ന കുടുംബ ഓഹരികളാണ് ഇപ്പോൾ തർക്കത്തിലുള്ളത്. 2020ലെ ടിവിഎസ് കുടുംബ കരാർ പ്രകാരം വേണു ശ്രീനിവാസൻ ശാഖയ്ക്ക് അനുവദിച്ച ബിസിനസുകളും സ്വത്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ടിവിഎസ് ഹോൾഡിംഗ്സ്, ടിവിഎസ് മോട്ടോർ കന്പനി, ടിവിഎസ് ക്രെഡിറ്റ് സർവീസസ്, സുന്ദരം-ക്ലേട്ടണ് എന്നിവയിലെ ഓഹരി പങ്കാളിത്തവും ഇതിന്റെ ഭാഗമാണ്.
ലക്ഷ്മി വേണു സ്വത്ത് വിഭജനം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
ടിവിഎസ് കുടുംബം ഉൾപ്പെട്ട 2020ലെ ഒത്തുതീർപ്പ് കരാർ തന്റെ അടുത്ത കുടുംബത്തിനുള്ളിലെ സ്വത്ത് വിഭജനമായി കണക്കാക്കാനാവില്ല എന്ന ലക്ഷ്മിയുടെ വാദമാണ് തർക്കത്തിന്റെ കാതൽ.
വേണു ശ്രീനിവാസൻ കുടുംബത്തിനുള്ളിൽ സ്വത്തുക്കൾ ഒത്തുതീർപ്പാക്കാനോ ഭാഗം വയ്ക്കാനോ ഉള്ള നടപടികളൊന്നും ഇതുവരെ ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ലെന്നാണ് മകളുടെ വാദം. കുടുംബ ബിസിനസുകൾ കൈകാര്യം ചെയ്യുന്നതുകൊണ്ടുമാത്രം ഒരാൾക്ക് അതിൽ പൂർണ ഉടമസ്ഥാവകാശം ലഭിക്കുകയോ മറ്റ് കുടുംബാംഗങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാകുകയോ ചെയ്യുന്നില്ലെന്നും അവർ വാദിക്കുന്നു.
തന്റെ അവകാശങ്ങളെ അവഗണിച്ചുകൊണ്ട് കുടുംബ സ്വത്തുക്കളുടെ ഗുണഭോക്തൃ അവകാശങ്ങൾ സഹോദരൻ സുദർശന് അനുകൂലമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ലക്ഷ്മി ആരോപിച്ചു. ഈ സാഹചര്യത്തെ നിയമപരമായ പ്രശ്നമായും വിശ്വാസവഞ്ചനയായുമാണ് അവർ വിശേഷിപ്പിച്ചിരിക്കുന്നത്.
നിയമപരമായ നോട്ടീസ് അയച്ചെങ്കിലും, സൗഹാർദപരമായ ഒരു ഒത്തുതീർപ്പിനാണ് ലക്ഷ്മി മുൻഗണന നൽകുന്നത്.
മകൾക്ക് പിന്തുണയുമായി മല്ലിക ശ്രീനിവാസൻ
ലക്ഷ്മിയുടെ ആവശ്യത്തിന് അമ്മ മല്ലിക ശ്രീനിവാസൻ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബ സ്വത്തുക്കളിൽ മകൾക്ക് ന്യായമായ അവകാശമുണ്ടെന്നാണ് അമ്മ പറയുന്നത്.
സൗഹാർദപരമായ ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മല്ലിക പറഞ്ഞു. കുടുംബ കാര്യങ്ങളിൽ മകനും മകൾക്കും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു.
“ഒരു അമ്മയെന്ന നിലയിൽ എനിക്ക് മകനും മകളും എല്ലാ അർഥത്തിലും തുല്യരാണ്. കുടുംബസ്വത്തുക്കളിൽ സുദർശന്റേതിന് തുല്യമായ, ന്യായമായ വിഹിതം ലക്ഷ്മിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” മല്ലിക ശ്രീനിവാസൻ പറഞ്ഞു.
Tags : Lakshmi Venu Equal share Fathers Assets Property Official Level Business